കൊച്ചി പഴയ കൊച്ചിയല്ല: കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്
കൊച്ചി: 2015നെ അപേക്ഷിച്ചു കൊച്ചി നഗരത്തില്‍ 2016ല്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ്. സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശാണ് ഇക്കാര്യം അറിയിച്ചത്.
2015 വര്‍ഷത്തില്‍ കൊച്ചി നഗരത്തില്‍ 97 ഭവനഭേദന കേസുകള്‍ റിപ്പോര്‍ട്ടായപ്പോള്‍ 2016ല്‍ 78 കേസുകള്‍ മാത്രമാണ് ഉണ്ടായത്. 2015 വര്‍ഷത്തില്‍ 322 മോഷണ കേസുകള്‍ റിപ്പോര്‍ട്ടായപ്പോള്‍ 2016ല്‍ 83 കേസുകള്‍ കുറഞ്ഞ് ആകെ 239 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാഹനമോഷണ കേസുകളുടെ കണക്കിലും ഗണ്യമായ കുറവുണ്ട്. 2015ല്‍ 110 വാഹന മോഷണക്കേസുകള്‍ ഉണ്ടായപ്പോള്‍ 2016ല്‍ 91 കേസുകളായി കുറഞ്ഞു. 2015ല്‍ 49 മാലപൊട്ടിക്കല്‍ കേസുകള്‍ ഉണ്ടായപ്പോള്‍ 2016ല്‍ ഇത് 25 കേസുകളായി കുറഞ്ഞു. പോയവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 309 എണ്ണത്തില്‍ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുണ്ട്.
നഗരത്തില്‍ അടിപിടി അക്രമ കേസുകളില്‍ 2016ല്‍ വലിയ കുറവുണ്ടായി. 2015 വര്‍ഷത്തില്‍ 497 അടിപിടി അക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ ആയത് 2016ല്‍ 415 ആയി കുറഞ്ഞിട്ടുണ്ട്.
നഗരത്തിലെ മുന്‍ അടിപിടി അക്രമ കേസുകളിലെ പ്രതികളുടെ ചെയ്തികളെ നിരന്തരമായി നിരീക്ഷിച്ചതും പരാതികളിന്‍മേല്‍ അടിയന്തിരമായി നടപടി സ്വീകരിച്ചതുമാണു കേസുകളില്‍ കുറവുണ്ടാക്കിയത്.
മയക്കു മരുന്നു കേസുകളില്‍ 2015 വര്‍ഷത്തില്‍ 654 കേസുകളിലായി 55.8 കി. ഗ്രാം കഞ്ചാവും കൂടാതെ മറ്റു മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 781 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ 2016 വര്‍ഷത്തില്‍ ഇത്തരം കേസുകള്‍ കണ്ടെത്താനും മയക്കുമരുന്നുല്‍പ്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും കടത്തലും ഇല്ലാതാക്കാനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമായി 2016 വര്‍ഷം മാത്രം 1164 കേസുകളിലായി 74.3 കി. ഗ്രാം കഞ്ചാവും കൂടാതെ മറ്റ് മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 1343 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരേയും ശിക്ഷിക്കപ്പെട്ടവരേയുമെല്ലാം നിരന്തരമായി നിരീക്ഷിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
സംസ്ഥാന അടിസ്ഥാനത്തില്‍ 2016 വര്‍ഷത്തില്‍ 2015 നേക്കാള്‍ 432ല്‍പ്പരം വാഹനാപകടങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയപ്പോള്‍ കനത്ത ഗതാഗതമുള്ള കൊച്ചി നഗരത്തില്‍ ആകെ 12 വാഹനാപകടങ്ങള്‍ മാത്രമാണു കൂടുതലായി ഉണ്ടായിട്ടുള്ളത്. വാഹനാപകടങ്ങള്‍ വര്‍ധിക്കാതിരുന്നതും നേട്ടമായി. പരമാവധി പൊലിസ് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചതും അമിതവേഗത മദ്യപിച്ചുള്ള വാഹനമോടിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിക്കല്‍, ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശനമായ പരിശോധനകള്‍ നടത്തിയതുമാണ് വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ സഹായകമായി.
2017 വര്‍ഷത്തിലും കുറ്റകൃത്യങ്ങള്‍ക്കെതിരായ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമടക്കം എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ കര്‍മ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."