കായംകുളത്ത് മാലിന്യ നീക്കം നിലച്ചു; വീര്‍പ്പ് മുട്ടി നഗരം
കായംകുളം: മാലിന്യ നീക്കം നിലച്ചതോടെ നഗരം ചീഞ്ഞുനാറുന്നു. മഴക്കാലത്തിനു മുമ്പ് മാലിന്യം നീക്കി ഓടകളുടെ ശുചീകരണം നടത്തിയില്ലെങ്കില്‍ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കേ അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാലിന്യനീക്കം തടസ്സപ്പെട്ടിട്ട് മാസങ്ങളായിട്ടും നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല.
നഗരത്തില്‍ മിക്കയിടങ്ങളിലും മാലിന്യം കുന്നുകൂടി ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. യഥാസമയം മാലിന്യം നീക്കം ചെയ്യാന്‍ വാഹനങ്ങള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മാലിന്യം നീക്കം ചെയ്യുന്ന പല വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു.
നാല് വാഹനങ്ങള്‍ ഉണ്ടായിരുന്നതില്‍ മൂന്നെണ്ണവും ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായിട്ടും പുതിയ വാഹനങ്ങള്‍ ഇറക്കാനുള്ള നടപടികളായിട്ടില്ല. ഭരണാധികാരികള്‍ മാറിവരുന്നതല്ലാതെ മാലിന്യനീക്കത്തിന് നീക്കുപോക്ക് ഉണ്ടായില്ലെന്ന് മാത്രമല്ല പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. ഒരു വാഹനം മാത്രമാണ് നിരത്തിലോടി മാലിന്യം ശേഖരിക്കുന്നത്.
നഗരത്തിലെ ശ്രദ്ധയില്‍പ്പെടുന്ന പ്രധാന ഭാഗങ്ങളിലേയും കൂടുതല്‍ പരാധികള്‍ ഉള്ള ചില ഇടങ്ങളിലേയും മാലിന്യങ്ങള്‍ മാത്രമാണ് നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ അതി രാവിലെതന്നെ കൂട്ടിയിട്ട് കത്തിച്ച് കളയുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. മേടമുക്ക്, പ്രതാംഗമൂട്, ഒന്നാംകുറ്റി, സസ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം കുമിഞ്ഞ്കൂടി ദുര്‍ഗന്ധം വമിക്കുന്നത്.
ഇത് നീക്കം ചെയ്യണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. ഒരു വാഹനം മാത്രമുള്ളപ്പോള്‍ ഇത് നീക്കം ചെയ്യാന്‍ തുടങ്ങിയാല്‍ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെ മാലിന്യനീക്കം തടസ്സപ്പെടുമെന്നതിനാല്‍ അത് ജീവനക്കാര്‍ ശ്രദ്ധിക്കാറില്ല. മാലിന്യനീക്കത്തിനായി താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ എടുക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നു.
നഗസഭാ ഡംപിങ് ഗ്രൗണ്ടില്‍ ജൈവ മാലിന്യങ്ങള്‍ മാത്രമേ നിക്ഷേപിക്കാവൂ എന്നാണ് നിയമം. എന്നാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ കൂടുതലായി ഡംപിങ് ഗ്രൗണ്ടില്‍ എത്തിച്ചാല്‍ വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാകും. വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ ഗ്രൗണ്ടില്‍ ഇറക്കി സ്ഥലം വിടാന്‍ നാട്ടുകാര്‍ സമ്മതിക്കുകയുമില്ല.
ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ വാടകക്ക് എടുത്ത് നിരത്തിലിറക്കാത്തത് മനപൂര്‍വ്വമാണെന്ന ആക്ഷേപവുമുണ്ട്. ബസ്‌സ്റ്റോപ്പുകള്‍ക്കും സ്‌കൂളുകള്‍ക്കും സമീപവും റോഡിലും അലക്ഷ്യമായി മാലിന്യങ്ങള്‍ കിറ്റുകളിലാക്കി വലിച്ചെറിയുന്നത് നിത്യസംഭവമാണെങ്കിലും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തിറങ്ങിയിട്ടില്ല. മിക്കയിടങ്ങളിലും മാലിന്യ കിറ്റുകള്‍ കൂട്ടിയിട്ട് ജീവനക്കാര്‍ തന്നെ കത്തിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടികള്‍ നടന്നുപോകുന്ന ഭാഗങ്ങളിലെ മാലിന്യങ്ങള്‍ എങ്കിലും അടിയന്തിരമായി നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു പകരം കരാര്‍ അടിസ്ഥാനത്തിലെങ്കിലും വാഹനങ്ങള്‍ നിരത്തിലിറക്കണമെന്ന നിര്‍ദേശം കടലാസിലാണ്.
മാലിന്യ കൂമ്പാരം ചീഞ്ഞ് ദുര്‍ഗ്ഗന്ധപൂരിതമാകുകയും മഴക്കാലമാകുന്നതോടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."