ബിഗ് സല്യൂട്ട് കുട്ടി പൊലിസിന്
കണ്ണൂര്‍: കലോത്സവ നഗരിയിലെത്തിയ ഏതൊരാളും കൊടുക്കും ഒരു ബിഗ് സല്യൂട്ട് കുട്ടി പൊലിസിന്. മേളയുടെ തുടക്കം മുതല്‍ ക്ഷീണം മറന്ന് അവരുണ്ടായിരുന്നു. മത്സരാര്‍ഥിക്കള്‍ക്ക് ഒരു കൈ സഹായത്തിന്, ആസ്വാദകര്‍ക്ക് വഴി കാട്ടിയായി. ആര്‍ക്കെന്ത് സഹായം വേണമെങ്കിലും ഈ കുട്ടി പൊലിസുകാര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ 14 സ്‌കൂളുകളില്‍ നിന്നായി 240 കുട്ടിപൊലിസുകാരും 100 എന്‍.സി.സി കാഡറ്റുകളും 20 എന്‍.എസ്.എസ് വോളണ്ടിയര്‍മാരുമാണ് സേവന സന്നദ്ധരായി 11 കലോത്സവ വേദികളിലുള്ളത്.
ചുട്ടുപൊള്ളുന്ന വെയിലില്‍ ക്ഷീണം വകവയ്ക്കാതെ സേവനം ചെയ്യുന്ന ഈ കുട്ടികള്‍ക്ക് പക്ഷെ കലോത്സവ വേദികളിലും ഭക്ഷണ കാര്യങ്ങളിലും കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. അവിടെ കുട്ടി പൊലിസുകാരെ വെറും 'കുട്ടി'കളായി തന്നെയാണ് എല്ലാവരും കണ്ടത്. ഊട്ടുപുരയുടെ ക്യൂവില്‍ കാത്തുനിന്നുതന്നെയാണ് ഭക്ഷണം കഴിച്ചത്. എങ്കിലും പരിഭവത്തിന്റെ യാതൊരു ഭാവവും മുഖത്തു കാണിക്കാതെ അവര്‍ കര്‍മനിരതരായി കലോത്സവ നഗരിയില്‍ സജീവമായി. ലോ ആന്‍ഡ് ഓര്‍ഡര്‍ കണ്‍വിനര്‍ പി. നാരായണന്‍ കുട്ടിയാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."