HOME
DETAILS

കുറ്റബോധം ഇല്ലാതിരിക്കലാണ് വലിയ കുറ്റം

  
backup
January 22 2017 | 04:01 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2

മകന്റെ സ്വഭാവദൂഷ്യം മാറ്റിയെടുക്കാന്‍ ഒരു പിതാവ് കാണിച്ച വിചിത്രവേല കേള്‍ക്കണോ... വീട്ടുമുറ്റത്ത് ഒരു പടുകൂറ്റന്‍ മരമുണ്ട്. മകനില്‍നിന്ന് എന്തെങ്കിലും ഒരു തെറ്റു കണ്ടാല്‍ അവനെ ശാസിക്കുന്നതിനു പകരം അദ്ദേഹം മരത്തില്‍ ഒരു ആണിയടിക്കും. നന്മകള്‍ കണ്ടാല്‍ ആണി വലിച്ചൂരുകയും ചെയ്യും. അങ്ങനെ ദിവസങ്ങള്‍ ഒന്നുരണ്ട് കഴിഞ്ഞുകടന്നപ്പോഴേക്കും മരം നിറയെ ആണികളായി. അതുകണ്ട മകന്‍ ഒരിക്കല്‍ ചോദിച്ചു:

'അച്ഛാ, എന്താ ഈ മരം നിറയെ ആണികള്‍..?'
അച്ഛന്‍ പറഞ്ഞു: 'ഇതെന്താണെന്നു നീ ഇതുവരെയും അറിഞ്ഞിട്ടില്ലേ... ഇതെല്ലാം നീ ചെയ്ത തെറ്റുകളാണ്. നിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഓരോ തെറ്റിനും ഞാന്‍ ഓരോ ആണി അടിക്കുകയായിരുന്നു. അങ്ങനെയാണ് ഈ മരം ഇങ്ങനെയായത്...'
'ഞാന്‍ ഇത്രയേറെ തെറ്റുകള്‍ ചെയ്തിട്ടുണ്ടോ..?' അവന്‍ കണ്‍മിഴിച്ചു.
അച്ഛന്‍ പറഞ്ഞു: 'തെറ്റുകള്‍ ചെയ്യുന്നവനറിയില്ല തെറ്റുകളുടെ ബാഹുല്യം. ചെയ്യുന്ന ഓരോ തെറ്റുകളും നീ ഇതുവരെ എണ്ണിനോക്കിയിട്ടില്ലല്ലോ. എണ്ണാന്‍ ശ്രമിച്ചാല്‍ അന്തം വിട്ടുപോകും'.  


മകനു വല്ലാത്ത കുറ്റബോധം. ഇക്കണക്കിനുപോയാല്‍ ഇനിയുമൊരാണിയടിക്കാന്‍ പഴുതില്ലാത്തവിധം മരം ആണികള്‍കൊണ്ടു നിറയും. അതിനാല്‍ ഇനി ആണികള്‍ കൂട്ടുന്നതിനു പകരം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണം. തിന്മയ്ക്കു പകരം നന്മ ചെയ്യണം. വല്ലവിധേനയും തിന്മ സംഭവിച്ചാല്‍ പ്രായശ്ചിത്തമായി ഇരട്ടി നന്മകള്‍ ചെയ്യണം. അവന്‍ തീരുമാനിച്ചുറച്ചു.


ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരത്തില്‍നിന്ന് ആണികള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവാന്‍ തുടങ്ങി. ഒരാണിപോലും ബാക്കിയില്ലാത്തവിധം മരം ആണിമുക്തമായി. അച്ഛന്‍ സന്തോഷത്തോടെ മകനെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു:'മോനെ, നമ്മുടെ മരത്തില്‍ ഇപ്പോള്‍ ഒരാണി പോലും ബാക്കിയില്ല. എന്റെ മുന്നില്‍ നീ ഇപ്പോള്‍ നിഷ്‌കളങ്കനാണ്. ഇനി ഈ നിഷ്‌കളങ്കത നീ കളഞ്ഞുകുളിക്കരുത്..'
ഈ വാക്കുകള്‍ പക്ഷേ, മകനെ സന്തോഷിപ്പിച്ചില്ല. ദുഃഖം കടിച്ചിറക്കി അവന്‍ പറഞ്ഞു:
'ആണികളെല്ലാം അപ്രത്യക്ഷമായെങ്കിലും തുളകള്‍ ഇപ്പോഴും ബാക്കിയാണച്ഛാ...'
പാപം ചെയ്തവന്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ അവന്‍ പാപരഹിതനാണെന്നല്ല, പാപരഹിതനെ പോലെയാണെന്നാണ് പ്രവാചകാധ്യാപനം.
അവന്‍ സിംഹത്തെപോലെയാണെന്നു പറഞ്ഞാല്‍ സിംഹമാണെന്നര്‍ഥം വരില്ല. എന്നുവച്ചാല്‍, സാധനം ഫ്രഷല്ല, സെക്കനെന്റ് ഫ്രഷാക്കിയതാണെന്നര്‍ഥം. ആണികളില്ലെന്നു കരുതി തുള്ളാനവകാശമില്ല; തുളകള്‍ പോയിട്ടില്ലെന്ന ഓര്‍മ വേണം. ഒരു വര്‍ഷം പഴക്കമുള്ള ഡ്രസ് എത്ര വൃത്തിയില്‍ അലക്കിത്തേച്ചാലും വാങ്ങിയ ദിവസത്തെ പരിശുദ്ധിയും പരിമളവും അതിനുണ്ടാവില്ല. കാരണം, എത്രയോ തവണ അതില്‍ അഴുക്കു വീണു കഴിഞ്ഞതാണ്. പരമാവധി ശ്രമിച്ചാല്‍ പുതിയതുപോലെയാക്കാനേ കഴിയൂ; പുതിയതാക്കാനാവില്ല. വാങ്ങിയ വാഹനം ഒരു വര്‍ഷം കഴിഞ്ഞ് എത്ര തേച്ചുമിനുക്കിയാലും വാങ്ങിയ ദിവസത്തെ വാഹനമാകില്ല. യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നു തെളിയിച്ചാലും അതു പഴയ വാഹനം തന്നെയാണ്. മറിച്ച്, വാങ്ങിയ വാഹനം തീരെ ഉപയോഗിക്കാതെ അതേപടി ഷോറൂമില്‍ ഭദ്രമായി സൂക്ഷിച്ച് ഒരു വര്‍ഷം കഴിഞ്ഞെടുക്കുകയാണെങ്കില്‍ അതു പുതിയ വാഹനമാണ്.


കൊലപാതകം ചെയ്തവന്‍ ആയിരം തവണ ഖേദിച്ചു മടങ്ങുകയും ലോകം മുഴുവന്‍ അവനു മാപ്പു കൊടുക്കുകയും ചെയ്തുവെന്നിരിക്കട്ടെ. എന്നാലും കൊലയാളി എന്ന പേര് മായില്ല. 'കണ്ടോ, ഞാനിപ്പോള്‍ കൊലയാളിയല്ലാതായി മാറി' എന്ന് വീരവാദം മുഴക്കി നടക്കാന്‍ പറ്റില്ല. കുറ്റം ഇല്ലാതായാലും കുറ്റത്തിന്റെ കറ മാഞ്ഞുപോകാത്തതാണ്.
മാപ്പ് പറഞ്ഞില്ലേ. ഇനിയെല്ലാം തീര്‍ന്നു എന്നു പറഞ്ഞ് സമാധാനിക്കരുത്. മാപ്പ് പറഞ്ഞാലും കുറ്റബോധം കൂടെക്കൂടെയുണ്ടാകണം. കുറ്റബോധം കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധമാണ്. ആ ബോധമില്ലാത്തവനു വീണ്ടും മാപ്പു പറയേണ്ട സാഹചര്യം വന്നേക്കും.
മാപ്പിനെ പരിഹാസത്തിനുള്ള ആയുധമാക്കുന്ന ചിലരുണ്ട്. കുറ്റബോധത്തിന്റെ ലാഞ്ഛന പോലും ഏശാത്തവരാണവര്‍. അത്തരക്കാരോട് മാപ്പു പറയണമെന്ന് പറഞ്ഞാല്‍ അവര്‍ ഏതെങ്കിലും പ്രദേശത്തിന്റെ ഭൂപടം കാണിച്ച് 'ഇതാ മാപ്പ്' എന്നു പറഞ്ഞ് കൊച്ചാക്കാന്‍ ശ്രമിക്കും.
ഇവറ്റകളോടൊക്കെ മാപ്പു ചോദിക്കുകയോ എന്നാണ് അവര്‍ ചോദിക്കാതെ ചോദിക്കുന്നത്. തന്റെ സ്ഥാനമാനങ്ങള്‍ക്ക് അത് കോട്ടമായിത്തീരുംപോലും. ഇത്തരക്കാര്‍ മരിച്ചു മണ്ണായാലും ബാക്കിവച്ച ധിക്കാരം അവര്‍ക്കെതിരേ ഫണം വിടര്‍ത്തിയാടുന്ന നാളുകള്‍ അതിവിദൂരമല്ലെന്നോര്‍ക്കണം.
മാപ്പു പറഞ്ഞ് രക്ഷപ്പെടുക എന്നൊരു പ്രയോഗമുണ്ടല്ലോ. ചില വിരുതന്മാര്‍ അതാണു ചെയ്യാറുള്ളത്. അതില്‍ ശരിക്കും മാപ്പു പറയലുണ്ടാകില്ല; രക്ഷപ്പെടലേ ഉണ്ടാകൂ. ആ മാപ്പുനാടകത്തില്‍ കുറ്റബോധത്തേക്കാള്‍ തടിബോധമായിരിക്കും മികച്ചുനില്‍ക്കുക. എങ്ങനെയെങ്കിലും തടി രക്ഷപ്പെടുത്തണമെന്ന ബോധം. അത്തരക്കാര്‍ സമാനതിന്മകള്‍ വീണ്ടും ആവര്‍ത്തിക്കും.


വിമര്‍ശനത്തിനു വേണ്ടി മാപ്പിനെ മറയാക്കുന്നവരാണ് മറ്റൊരു വിഭാഗം. അവരുടെ ലക്ഷ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിട്ട് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ താറടിക്കലാണ്. അതങ്ങനെ പച്ചയ്ക്കു ചെയ്തുവിട്ടാല്‍ തന്റെ ഇമേജ് പോകുമെന്നതിനാല്‍ മാപ്പ് പറഞ്ഞ് അവര്‍ തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തും. വിമര്‍ശിക്കുക എന്ന ലക്ഷ്യം നിറവേറ്റലാവുകയും ചെയ്തു, മാപ്പു പറഞ്ഞ് 'കുറ്റവിമുക്ത'നാവുകയും ചെയ്തു. സൂത്രം എങ്ങനെയുണ്ട് ? ഇവര്‍ എന്നെന്നും കുറ്റവാളികളാണ്. കാലം മറക്കാത്ത കുറ്റവാളികള്‍.


നിഷ്‌കളങ്കമായ കുറ്റബോധത്തില്‍നിന്ന് പിറവിയെടുക്കുന്ന മാപ്പാണ് മാപ്പ്. അവര്‍ക്കു മാപ്പുണ്ട്. അവരില്‍നിന്ന് അറിയാതെ രണ്ടാമതും കുറ്റം സംഭവിച്ചുപോയാലും അവര്‍ക്ക് മാപ്പുണ്ടായിരിക്കും. കുറ്റബോധമില്ലാതെ മാപ്പു പറയുന്നവര്‍ എത്ര സമര്‍ഥമായി നാടകം കളിച്ചാലും അവര്‍ക്ക് കാലവും ലോകവും മാപ്പു നല്‍കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  29 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago