ഫലസ്തീന്‍ അനുകൂല റാലി ഹാഫിസ് സഈദ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ജറൂസലം വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരായ റാലിയില്‍ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് പാകിസ്താന്‍. ഫലസ്തീനുള്ള ഉറച്ച പിന്തുണ പ്രകടിപ്പിക്കാനായിരുന്നു പ്രകടനം നടത്തിയതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ജറൂസലം വിഷയത്തിലെ അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ ഹാഫിസ് സഈദുമായി ഫലസ്തീന്‍ അംബാസഡര്‍ വലീദ് അബു അലി വേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു. ഇന്ത്യ ഫലസ്തീന്‍ അധികൃതരെ നേരിട്ടു വിളിച്ച് പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. 40ഓളം രാഷ്ട്രീയ-മത സംഘടനകള്‍ ചേര്‍ന്ന ദിഫാഎ പാകിസ്താന്‍ കൗണ്‍സില്‍ ആണ് വെള്ളിയാഴ്ച ഇസ്‌ലാമാബാദില്‍ യു.എസ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഹാഫിസ് സഈദ് ഈ സഖ്യത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്.
ഹാഫിസ് സഈദിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഐക്യരാഷ്ട്രസഭ ഒരു തരത്തിലുമുള്ള വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും പാക് അധികൃതര്‍ അറിയിച്ചു. ഇത്തരം നിരവധി ചടങ്ങുകളില്‍ ഫലസ്തീന്‍ അംബാസഡര്‍ പങ്കെടുത്തിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ അവര്‍ക്കുള്ള ശക്തമായ പിന്തുണ പ്രകടിപ്പിക്കാനായിരുന്നു പൊതുപരിപാടി സംഘടിപ്പിച്ചത്-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുമുള്ള പതിനായിരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹാഫിസ് സഈദ് അടക്കം 50ലേറെ പ്രഭാഷകരാണ് പരിപാടിയില്‍ സംസാരിച്ചത്. പ്രചരിപ്പിക്കുന്തനു പോലെ ഹാഫിസ് സഈദിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡറോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ഫലസ്തീന്‍ അധികൃതര്‍ ഉചിതമായ തരത്തില്‍ വിഷയം കൈകാര്യം ചെയ്യുമെന്ന് ഇന്ത്യക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് സ്ഥാനപതിയെ തിരിച്ചുവിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."