ഒരു നത്തോലിക്കഥ
ലൈബ്രേറിയനെ കാണുന്നതോര്‍ത്തപ്പോള്‍ത്തന്നെ മുട്ട് കൂട്ടിയിടിക്കാന്‍ തുടങ്ങി. ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം. ശ്രീജിത്ത് നാട്ടില്‍ പോയിട്ട് രണ്ടു ദിവസമായി. എരുമപ്പെട്ടിയില്‍ നിന്ന് അവന്‍ വരുമ്പോള്‍ ബാഗില്‍ സ്‌പെഷലായി എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല. രണ്ടാഴ്ചയായി ചെറുപയറും ചോറും കഴിച്ച് മടുത്തിരിക്കയാണ്. പുറത്തുനിന്നു കഴിച്ചവര്‍ക്കെല്ലാം വയറിന് അസുഖം വന്നതോടെ അതും നടന്നില്ല.
വോട്ടര്‍ ഐ.ഡി ശരിയാക്കാന്‍ എന്നൊക്കെപ്പറഞ്ഞാണ് സ്ഥലം വിട്ടതെങ്കിലും വീട്ടില്‍ അമ്മയുണ്ടാക്കുന്ന നല്ല നാഗര്‍കോവില്‍ മീന്‍കറി കൂട്ടി ചോറുണ്ണാനാണ് അവന്‍ പോയതെന്നാണ് കൂട്ടുകാരുടെ വിശ്വാസം. അതുകൊണ്ടു തന്നെ അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ഇന്നലെ.
പ്രതീക്ഷ വെറുതെയായില്ല.
'എടോ, ഇന്നുച്ചയ്ക്ക് നമുക്കൊരുമിച്ചുണ്ണാം.. '
ശ്രീജിത്ത് വന്നപ്പോഴേ പറഞ്ഞു. 'നല്ല നത്തോലി വറുത്തതുണ്ട്. അമ്മ രാവിലെ ഉണ്ടാക്കിത്തന്നതാ...'
അനീസ് അവനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.
ഉച്ചയായി. നേരത്തെ വിശപ്പ് വന്ന പോലെ. ഒരു മണിയാകും മുന്‍പേ കോളജില്‍ നിന്നിറങ്ങി. അടുത്തു തന്നെയാണു മൂവരും താമസിക്കുന്ന വാടകവീട്. ഷാഹുലിനു മാത്രമേ അത്യാവശ്യം പാചകം വശമുള്ളൂ. മിക്കപ്പോഴും സമയം കിട്ടാറില്ല. അടുക്കളയില്‍ വേണ്ട സാമഗ്രികളും ഉണ്ടാവില്ല. എന്നാലും കുക്കറില്‍ ഷാഹുല്‍ ഉണ്ടാക്കുന്ന തേങ്ങാച്ചോറും ചമ്മന്തിയും രുചിയോടെ കഴിക്കാറുണ്ട്.
ചോറ് രാവിലെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ശ്രീജിത്ത് ബാഗുതുറക്കുന്നതും കാത്തിരിപ്പാണ് ഷാഹുലും അനീസും. കാത്തിരിപ്പിനു വിരാമമായി. ടിഫിന്‍ കാര്യര്‍ പുറത്തെടുത്തപ്പോള്‍ മഞ്ഞളും എണ്ണയും ചേര്‍ന്നു കൊഴുത്തൊരു ദ്രാവകം പുറത്തുമുഴുവന്‍.
'ദൈവമേ ! ചതിച്ചോ.. എന്റെ ലൈബ്രറി ബുക്കും ടി ഷര്‍ട്ടും'
'ഡാ, പാത്രം പൊതിയാതെയാണോ നീ ബാഗിലിട്ടത് ...'
അവന്‍ വിഷണ്ണനായി തലയാട്ടി.
ക്വാണ്ടിറ്റേറ്റിവ് ടെക്‌നിക്‌സിന്റെ തടിയന്‍ പുസ്തകം മഞ്ഞളെണ്ണ പടര്‍ന്നിരിക്കുന്നു. പുതിയ ടി ഷര്‍ട്ടിന്റെ നിറം കാണാന്‍ വയ്യ. അതു സഹിക്കാം. പക്ഷേ ബുക്ക് കടയില്‍ കിട്ടാത്തതാണ്. ഈയാഴ്ച തിരിച്ചുകൊടുക്കണം.
'തല്‍ക്കാലം ഒരു വഴിയുണ്ട്'. ഷാഹുല്‍ രക്ഷയ്‌ക്കെത്തി. 'പോണ്‍സ് ഡ്രീം ഫ്‌ളവര്‍ ടാല്‍ക്ക് !!!'
പൗഡര്‍ ടിന്‍ മുഴുവന്‍ പുസ്തകത്തില്‍ വിതറി, തുറന്നുവച്ച് വല്ല വിധേനയും ഊണുകഴിച്ചു.
'ഡാ, പാപം കിട്ടൂലേ ?' രാത്രി കിടക്കുമ്പോള്‍ ശ്രീജിത്തിന്റെ ദയനീയമായ ചോദ്യം.
ലൈബ്രേറിയന്‍ അയ്യരാണ്. ശുദ്ധ സസ്യാഹാരി. ലൈബ്രറി തുറന്നാല്‍ പതിനഞ്ചു മിനിട്ടു പൂജയാണ്. അതു കഴിഞ്ഞേ സീറ്റിലിരിക്കൂ. തുളസിയില മണക്കുന്ന ആ കൈയിലേക്കാണു നാളെ നത്തോലി മണക്കുന്ന ബുക്ക് കൊടുക്കേണ്ടത്.
'ഒരാഴ്ച കഴിയട്ടെ, നമുക്ക് ഫൈന്‍ കെട്ടാം. അപ്പോഴേക്കും കറ മങ്ങും'. ഒരാഴ്ച കഴിഞ്ഞു.
മീന്‍ നാറ്റം പതിയെ മാറി. പുസ്തകം തിരിച്ചേല്‍പ്പിക്കുമ്പോള്‍ അയ്യരൊന്നു മുഖത്തു നോക്കി. നാലു വശവും മഞ്ഞ നിറം.
'പയ്യന്‍സ്, നീയും ഞങ്ങളുടെ കൂട്ട് ഭക്തനാണല്ലേ...' അങ്ങനെയൊരു ചോദ്യം ആ വലിയ വട്ടമുഖത്തു നിറഞ്ഞു.
അയാളൊന്നു മന്ദഹസിച്ചു. പിന്നെ പുസ്തകം രജിസ്റ്ററില്‍ ചേര്‍ത്ത് അലമാരയിലേക്കു വച്ചു.
നിശബ്ദമായൊരു പ്രാര്‍ഥനയോടെ മന്നാളും ആ ഭസ്മക്കുറിയിലേക്കു നോക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."