തേനീച്ചകളുമായി ചങ്ങാത്തം കൂടി നേച്ചര്‍ ഗിന്നസിലേക്ക്
തൃശൂര്‍: എട്ട് മണിക്കൂര്‍ ശരീരത്തില്‍ തേനീച്ചകളുമായി കഴിഞ്ഞ് ബിരുദ വിദ്യാര്‍ഥി നിലവിലെ ലോക റെക്കോര്‍ഡ് മറികടന്നു.
തൃശൂര്‍ സ്വദേശി സജയ്കുമാറിന്റെ മകനും കര്‍ണാടക കാര്‍ഷിക യൂനിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയുമായ നേച്ചര്‍ ആണ് ചൈനക്കാരന്റെ റെക്കോര്‍ഡ് തകര്‍ത്തത്. നിലവില്‍ 54 മിനുട്ടായിരുന്നു ചൈനീസ് പൗരന്റെ പേരിലുണ്ടായിരുന്നത്. എട്ട് മണിക്കൂര്‍ ശരീരത്തില്‍ തേനീച്ചകളുമായി കഴിഞ്ഞാണ് നേച്ചര്‍ നിലവിലെ ലോകറെക്കോര്‍ഡിനെ നിഷ്പ്രഭമാക്കിയത്.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ വൈഗ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു നേച്ചറിന്റെ പ്രകടനം.
മുന്‍പ് മൂന്ന് മണിക്കൂര്‍ തേനീച്ചകളെ മുഖത്തും ശരീരത്തിലും ആകര്‍ഷിച്ച് ഈ വിദ്യാര്‍ഥി ചൈനീസ് പൗരന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്താതിനാല്‍ ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നില്ല.
തേനീച്ച കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്നതാണ് തന്റെ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് നേച്ചര്‍ പറഞ്ഞു.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, കാര്‍ഷിക സര്‍വകലാശാല വി.സി അടക്കമുള്ളവര്‍ നേച്ചറിന്റെ റെക്കോര്‍ഡ് പ്രകടനം കാണാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."