യു.പി തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി.ജെ.പി നീക്കം
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി.ജെ.പി ശ്രമം. ബി.ജെ.പിക്കു പുറമെ സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ഇതിനായുള്ള നീക്കം നടത്തുന്നുണ്ട്. 2017 മധ്യത്തില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഡിസംബറില്‍ നടത്താനാണ് നീക്കം. എന്നാല്‍ ബി.എസ്.പിയാകട്ടെ ഇതിന് എതിരുമാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടികള്‍ക്ക് സുപ്രധാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള നിയമസഭയാണ് യു.പിയിലേത്. 403 അംഗങ്ങളാണ് സഭയിലുള്ളത്. ഇതിനകം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച സമാജ്‌വാദി പാര്‍ട്ടിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
2017 മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കാലാവധി തീരുന്നത്. അതിന് മുന്‍പ് പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയുണ്ടായാല്‍ അത് ഉത്തര്‍പ്രദേശിലെ ഫലത്തെ സ്വാധീനിക്കുമെന്ന ഭയമാണ് തെരഞ്ഞെടുപ്പു നേരത്തെയാക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പക്കുന്നത്. താഴെത്തട്ടില്‍ പ്രചാരണം ആരംഭിച്ച സമാജ് വാദി പാര്‍ട്ടി സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നു കണ്ടാണ് ബി.ജെ.പിയുടെ നീക്കത്തെ അനുകൂലിക്കുന്നത്. ആഗ്ര- ലഖ്‌നോ എക്‌സ്പ്രസ് വേ, പ്രധാന നഗരങ്ങളിലെല്ലാം മെട്രോ, ലക്‌നോ, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെ വന്‍കിട പദ്ധതികള്‍ തുടങ്ങിയവയെല്ലാം അതിവേഗത്തില്‍ നടപ്പാക്കി വരികയാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിന് ഭരണത്തുടര്‍ച്ച ആവശ്യപ്പെടാമെന്നാണ് സമാജ് വാദി പാര്‍ട്ടി കരുതുന്നത്.
വരുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും സാധ്യതയുള്ളത് ബി.എസ്.പിക്കാണെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട്്. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ കാര്യത്തില്‍ ബി.എസ്.പി ഏറെ പിന്നിലാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ച് നിലവില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരോ ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വേഗത്തിലായാല്‍ അത് ബി.എസ്.പിയുടെ സാധ്യത കുറയ്ക്കുമെന്നും എസ്.പി കരുതുന്നു. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ കടുത്ത ചൂടായതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തണമെന്നാണ് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെടുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്കു ലഭിച്ചിരുന്നത്. എന്നാല്‍ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി യിലെ 80ല്‍ 71 സീറ്റുകള്‍ പാര്‍ട്ടി നേടി.
ഭരണം പിടിക്കാനായില്ലെങ്കിലും സീറ്റുനില മെച്ചപ്പെടുത്തിയാല്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായി തുടരുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കാമെന്ന് ബി.ജെ.പി കരുതുന്നു. ഇതിനായി സഹാറന്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കാംപയിന് ഇന്നലെ തുടക്കം കുറിയ്ക്കുകയും ചെയ്തു. 2014ല്‍ വര്‍ഗീയ കലാപം നടന്ന സഹാറന്‍പൂര്‍ തന്നെ ഇതിനായി തെരഞ്ഞെടുത്തത് വര്‍ഗീയ അജന്‍ഡ ലക്ഷ്യം വച്ചാണെന്ന സൂചനയുണ്ട്. 13 നഗരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി അനുവദിച്ചപ്പോള്‍ അതില്‍ ലക്‌നോയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."