മുസ് ലിം വനിത ബില്‍: ഏകസിവില്‍ കോഡിനുള്ള തുടക്കമോ
പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുസ്‌ലിംസ്ത്രീകളുടെ സംരക്ഷണത്തിനെന്ന പേരില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ഭരണപക്ഷത്തിന്റെ അംഗബലത്തില്‍ പാസാക്കിയ മുസ്‌ലിംവനിത(വിവാഹാവകാശ സംരക്ഷണ)ബില്‍ അത്യാപല്‍ക്കരമായ സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഒറ്റയടിക്കു ത്വലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാക്കുറ്റവുമാക്കുന്ന ബില്ലാണത്. ഇനി രാജ്യസഭയില്‍ പാസാവുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുകയും ചെയ്താല്‍ ആ ബില്ല് നിയമമാവും.
ഇസ്‌ലാമിക വീക്ഷണപ്രകാരമുള്ള വിവാഹബന്ധം, ത്വലാഖ് എന്നിവയെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇത്തരത്തിലൊരു ബില്‍ അവതരിപ്പിക്കാനും വിവാദം സൃഷ്ടിക്കാനും വഴിയൊരുക്കിയത്. ഇസ്‌ലാമികദൃഷ്ട്യാ ഏറ്റവും പവിത്രമായ കര്‍മമാണു വിവാഹം. ആണും പെണ്ണും ഇംഗിതം പൂര്‍ത്തീകരിക്കാന്‍ ഒന്നിക്കുന്നുവെന്നതിനപ്പുറം തലമുറകളുടെ നിലനില്‍പ്പും ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളുടെ ഔന്നത്യവും ഇഴചേര്‍ന്നു കിടക്കുന്നുണ്ട് അതില്‍.
വൈവാഹികജീവിതത്തില്‍ ആണും പെണ്ണും ഒന്നിക്കുന്നതിന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത് പെണ്ണിനുവേണ്ടിയുള്ള വിവാഹമൂല്യവും അവളുടെ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മതവുമാണ്. അവലംബനീയമായ സാക്ഷികളെ മുന്‍നിര്‍ത്തി നിശ്ചിത വിവാഹമൂല്യത്തിന് പെണ്ണിനെ ആണിന് ഏല്‍പ്പിച്ചുകൊടുക്കുന്നതോടെ വിവാഹം പൂര്‍ണമാകുന്നു. വിട്ടുവീഴ്ചകളുടേതു കൂടിയാണു വൈവാഹികജീവിതം. പരസ്പരം അറിഞ്ഞും സഹകരിച്ചും മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്ന്.
ഇസ്‌ലാമില്‍ വിവാഹമോചനം അനുവദനീയമാണ്. എന്നിരുന്നാലും അല്ലാഹുവിനാല്‍ ഏറ്റവും വെറുക്കപ്പെട്ടതുകൂടിയാണത്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പ്രയോഗത്തില്‍ കൊണ്ടുവരാവൂ എന്ന നിബന്ധനയോടെയാണ് ഈ സ്വാതന്ത്ര്യം ഇസ്‌ലാം അനുവദിക്കുന്നത്. അവശ്യഘട്ടത്തെ നിര്‍വചിക്കുന്നതില്‍ പലരും പരാജിതരാകുന്നുവെന്നതു യാഥാര്‍ഥ്യം. അതു വ്യക്തികളുടെ ദൗര്‍ബല്യമാണ്. ആണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കാന്‍ സാധ്യമല്ലാത്ത രീതിയിലേയ്ക്കു കാര്യങ്ങള്‍ വളരുമ്പോള്‍ മാത്രമാണ് അവശ്യഘട്ടം സംഭവിക്കുന്നുള്ളൂ.
വിവാഹമോചനത്തിനു വിവിധഘട്ടങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നുണ്ട്. സംസാരിച്ചു തീര്‍ക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരസ്പരം സംസാരിച്ചു പരിഹരിക്കണം. ആവശ്യമായ ശിക്ഷണങ്ങള്‍ സ്വീകരിക്കുക, കിടപ്പറ വെടിയുക, പരസ്പര വിട്ടുവീഴ്ചയ്ക്കുള്ള ശ്രമം നടത്തുക തുടങ്ങി ഓരോ ഘട്ടത്തിലും പ്രശ്‌നപരിഹാരത്തിനുള്ള പരമാവധി ശ്രമങ്ങള്‍ കൈകൊള്ളാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അവയെല്ലാം പരാജയപ്പെടുമ്പോഴത്തെ അവസാന പരിഹാരം മാത്രമാണു വിവാഹമോചനം.
നിയമപരമായി മൂന്നു വിവാഹമോചനരീതിയാണ് ഇസ്‌ലാം അനുവദിക്കുന്നത്. ആണിന്റെ പ്രത്യേകവാക്യങ്ങളിലൂടെ സാധ്യമാകുന്ന മോചനം ഒന്നാമത്തെയും രണ്ടാമത്തെയും വാക്യങ്ങളിലൂടെ നടപ്പിലാവുമെങ്കിലും പ്രത്യേക കാലാവധി നിശ്ചയിച്ചു തിരിച്ചെടുക്കാനുള്ള സ്വാതന്ത്ര്യവും ഇസ്‌ലാം നല്‍കുന്നുണ്ട്. പ്രത്യേക കാലാവധി നിശ്ചയിക്കല്‍കൊണ്ടു കൈക്കൊണ്ട തീരുമാനത്തിലെ ശരി ഉറപ്പുവരുത്തുക കൂടിയാണ് ഇസ്‌ലാം. പ്രാചീനകാലങ്ങളില്‍ നിലനിന്നിരുന്ന കണക്കറ്റ വിവാഹമോചനങ്ങളും ആണധികാരത്തിന്റെ തിരിച്ചെടുപ്പുകളും മൂന്ന് എന്ന പരിധിയിലേയ്ക്ക് ഇസ്‌ലാം ഇതിലൂടെ ചുരുക്കി എന്നതും പ്രത്യേകം പ്രതിപാദിക്കേണ്ടതുണ്ട്.
മൂന്നു വിവാഹമോചനങ്ങളെയും ഒരേസമയം പ്രയോഗത്തില്‍ കൊണ്ടുവരലാണ് നിലവില്‍ മുത്വലാഖ് എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. വിവാഹമോചനത്തെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുവെന്നിരിക്കെ അതു മുന്നോട്ടുവച്ചിട്ടുള്ള പരിധികളെ വ്യക്തി ഒറ്റയടിക്കു പ്രയോഗിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുകയില്ലെന്ന് ഉറപ്പാണല്ലോ. എന്നാല്‍, ഇത്തരം വിവാഹമോചനങ്ങള്‍ക്കുള്ള സാധ്യത സമഗ്രമാണെന്നിരിക്കെ ഇസ്‌ലാം തള്ളിക്കളയുന്നുമില്ല.
മുത്വലാഖ് സംബന്ധിച്ചു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുത്വലാഖ് നിരോധിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭ പാസാക്കിയ മുസ്‌ലിം വനിത (വിവാഹമോചന സംരക്ഷണ) ബില്‍ തട്ടിക്കൂട്ട് മാത്രമാണെന്നു മനസിലാക്കാനാവും. മുത്വലാഖിലൂടെ വിവാഹമോചനം സാധുവാകില്ലെന്ന സുപ്രിംകോടതി വിധിയുണ്ടായിരിക്കെ വിവാഹമോചനത്തിനു കഠിനശിക്ഷ നല്‍കുമെന്ന നയം സ്വീകരിക്കുന്നതു വൈരുദ്ധ്യാത്മകമാണ്.
അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും മുത്വലാഖിനു ഭരണഘടനാപരിരക്ഷയുണ്ടെന്നു വിലയിരുത്തിയിരിക്കെ അതു ഭരണഘടനാവിരുദ്ധമെന്നു ബില്ലിലൂടെ തീര്‍പ്പുകല്‍പ്പിക്കുന്നതു ന്യായീകരിക്കാനാവില്ല.
1937ലെ ശരീഅത്ത് ആക്ട് പ്രകാരം വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളെല്ലാം മുസ്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ വരുമെന്നിരിക്കെ പുതിയ ബില്‍ അതിന്റെ പച്ചയായ ലംഘനം കൂടിയാണ്.
മുത്വലാഖിലൂടെ വിവാഹ മോചനത്തിന്റെ സാധുത ഇസ്‌ലാം അംഗീകരിക്കുന്നുണ്ടെന്നത് ശരിയാണ്. രാജ്യത്തെ പൗരന്മാര്‍ വിവാഹ മോചനത്തിനു വേണ്ടി മുത്വലാഖ് പ്രയോഗത്തില്‍ കൊണ്ടു വരുന്നതിനെതിരേ ജാഗ്രതാ നടപടികള്‍ കൈകൊള്ളാം എന്നതിലുപരി വിവാഹ മോചനം നടപ്പില്‍ വരില്ലെന്ന് പറയുന്നത് ഇസ്‌ലാമിക നിയമങ്ങളെ എതിര്‍ക്കുന്നതോടൊപ്പം ഭരണഘടന നല്‍കുന്ന മത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം കൂടിയാണ്.
ബില്ല് രാജ്യത്തെ മുസ്‌ലിംസ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ളതാണെന്ന അവകാശവാദം പൊതുസ്വീകാര്യത നേടിയെടുക്കാനുള്ള പൊള്ളവാദം മാത്രമാണ്. സ്വന്തം ഭാര്യയെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണു രാജ്യം ഭരിക്കുന്നതെന്ന യാഥാര്‍ഥ്യം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമായ ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതിനു വേണ്ടിയുള്ള ആദ്യ ചവിട്ടുപടിയായി ഈ ബില്ലിനെ കാണണം. ആര്‍.എസ്.എസിന്റെ ആലയില്‍ ഉരുത്തിരിഞ്ഞ ആശയത്തിനു നിയമപരിരക്ഷ ലഭിക്കുന്നത് മുസ്‌ലിംകളെ മാത്രമല്ല, രാജ്യത്തെ മറ്റു സമുദായങ്ങളെ കൂടി ബാധിക്കുന്ന കാര്യമാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."