രഞ്ജിത്തിനും ജഗദീഷിനും ബൈത്തുറഹ്മ ഒരുങ്ങി
പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാടെ രഞ്ജിത്തിനും ജഗദീഷിനും ഇനി സ്വസ്ഥമായി ഉറങ്ങാം. രാമന്തളി ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ അബുദാബിയുടെ സഹകരണത്തോടെ ഇവര്‍ക്കു വേണ്ടി നിര്‍മിക്കുന്ന ബൈത്തുറഹ്മ പൂര്‍ത്തിയായി. പ്ലാസ്റ്റിക്കും ഓലയും കൊണ്ടുമറച്ച കൂരയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നാണ് ഇവര്‍ പുതിയ വീട്ടിലേക്കു മാറുന്നത്. താക്കോല്‍ദാനം ഈ മാസം 30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
വടക്കുമ്പാടെ പള്ളിപ്രത്ത് ഗംഗാധരന്‍-ജാനകി ദമ്പതികളുടെ മക്കളായ രഞ്ജിത്തിനെയും ജഗദീഷിനെയും ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത മാസ്‌കുലര്‍ ഡിസ്‌ട്രോഫിയെന്ന അപൂര്‍വരോഗം ചെറുപ്പംമുതലേ ബാധിച്ചിരുന്നു. 11 വയസു വരെ സാധാരണ ജീവിതം നയിച്ചതിനു ശേഷമാണ് രഞ്ജിത്തിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരന്‍ ജഗദീഷും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ രോഗത്തിന്റെ പിടിയിലായി. ഇപ്പോള്‍ ഇരുവര്‍ക്കും പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഗംഗാധരനും ജാനകിയും കൂലിവേല ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയത്. പക്ഷെ അടുത്ത കാലത്തായി ഗംഗാധരനും ശാരീരിക പ്രശ്‌നങ്ങള്‍ വന്നു തുടങ്ങി. കൂലിവേല ചെയ്യുന്ന ജാനകിക്ക് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം.
രാമന്തളി മുസ്‌ലിംലീഗ് ശാഖാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന നാല് വീടുകളില്‍ ആദ്യത്തേതാണിത്. കഴിഞ്ഞ ജൂണില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് കുറ്റിയടികര്‍മം നടത്തിയത്. താക്കോല്‍ദാനം ഉത്സവാന്തരീക്ഷത്തില്‍ നടത്താനാണ് ലീഗ് ശാഖാകമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."