നീലഗിരി വികസനം; കോടികളുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ആരോഗ്യ മേഖലക്ക് മുന്‍ഗണന
ഊട്ടി: വിനോദ സഞ്ചാരത്തിന് പേരുകേട്ട നീലഗിരിയുടെ വികസനത്തിന് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. ഊട്ടിയില്‍ നടന്ന എം.ജി.ആര്‍ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് നീലഗിരിയുടെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയുടെ വികസനത്തിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ക്ഷയ രോഗ നിര്‍മാര്‍ജനത്തിനുള്ള പ്രത്യേക പദ്ധതിക്കായി 1.09 കോടി രൂപയും ഇതിനാവശ്യമായ കെട്ടിട നിര്‍മാണത്തിന് 67. 5 ലക്ഷവും അനുവദിച്ചു.
ജില്ലയിലെ ആരോഗ്യ വകുപ്പിന് 108 ആംബുലന്‍സുകള്‍, ഊട്ടിയിലെ ജില്ലാ ആശുപത്രിയില്‍ എക്കോ കാര്‍ഡിയോഗ്രാം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്ന് 1.50 കോടി, ഡയാലിസിസ്, എന്‍ഡോസ്‌കോപ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് 64.70 ലക്ഷം, കുന്നൂര്‍ താലൂക്കാശുപത്രിയുടെ വികസനത്തിന് 64.50 ലക്ഷം, നെല്ലാക്കോട്ട ആശുപത്രിയില്‍ കണ്ണുരോഗ ചികത്സക്കായുള്ള കേന്ദ്രം സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപ എന്നിങ്ങനെയാണ് ആരോഗ്യമേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍. കുന്നൂര്‍ ബസ് സ്റ്റാന്‍ഡിന്റെ വികസനത്തിന് 44 ലക്ഷം, ഗൂഡല്ലൂര്‍ ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് 4.75 കോടി, ഊട്ടി നഗരസഭയിലെ റോഡുകളുടെ വികസനത്തിന് 2.73 കോടി, ഊട്ടിയില്‍ വാഹന പാര്‍ക്കിങ് സൗകര്യമുള്ള സെന്റര്‍ നിര്‍മിക്കുന്നതിന് മൂന്ന് കോടി, കൊതുമുടി -എപ്പനാട് റോഡ് വികസനത്തിന് 4.75 കോടി, ഹെല്ലന്‍- എല്ലമല -പെരിയശോല റോഡിന്റെ പുനര്‍നിര്‍മാണത്തിന് 5.35 കോടി.
ജില്ലയിലെ വൈദ്യുത നിലയങ്ങളുടെയും സബ് സ്റ്റേഷനുകളുടെയും വികസനത്തിന് 34. 12 കോടി, ഊട്ടി, കുന്നൂര്‍, നെല്ലിയാളം നഗരസഭകളിലും അവലാഞ്ചിയിലും 1480 പേര്‍ക്ക് സര്‍ക്കാര്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിക്കുന്നതിന് 58.81 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു മേഖലകളില്‍ അനുവദിച്ച തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."