കൊട്ടാരക്കര കോണ്‍ഗ്രസ് ഭവന്‍ ആക്രമണം: സുധീരനും ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ചു
കൊട്ടാരക്കര: ഒരുകൂട്ടം ആക്രമികള്‍ തകര്‍ത്ത കൊട്ടാരക്കരയിലെ ബ്ലോക്ക് കോണ്‍ഗ്രസ് ആസ്ഥാനമായ കോണ്‍ഗ്രസ് ഭവനും ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ഓഫിസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഇന്നലെ രാവിലെ 11 ഓടെയും സുധീരന്‍ ഉച്ചകഴിഞ്ഞ് മൂന്നു ഓടെയുമാണ് പാര്‍ട്ടി ഓഫിസുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.
സംസ്ഥാനത്ത് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രഖ്യാപിച്ചാല്‍ മാത്രം പോരെ അത് പ്രാവര്‍ത്തികമാക്കാനും ഭരണകര്‍ത്താക്കാള്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തില്‍ കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസ് നേതാക്കളുടേയും വീടുകള്‍ക്കുനേരെയും പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം നടക്കുകയാണ് . ഇതിനെതിരെ നിയമനടപടികള്‍ എടുക്കുണം. പാര്‍ട്ടി ഓഫിസുകള്‍ അക്രമിച്ചത് അപലപനീയമാണെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തു വരണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. അക്രമം ആരു നടത്തിയാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനത്തെ അംഗീകരിക്കുകയും തെറ്റായ പ്രവര്‍ത്തനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഞായറാഴ്ച നിയമസഭയിലെ യു.ഡി.എഫ് അംഗങ്ങളുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു.
ഇരു നേതാക്കളോടൊപ്പം ഡി.സി.സി. പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി., കെ.പി.സി.സി. സെക്രട്ടറി ജി.രതികുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് വി.സത്യശീലന്‍, യു.ഡി.എഫ് നേതാക്കളായ വെളിയം ശ്രീകുമാര്‍, പി.ഹരികുമാര്‍, അഡ്വ.ബ്രിജേഷ് എബ്രഹാം, അഡ്വ.സവിന്‍ സത്യന്‍, വി.ഫിലിപ്പ്, ബേബി പടിഞ്ഞാറ്റിന്‍കര, കെ.ജി. അലക്‌സ്, ഒ.രാജന്‍, ഷിജു പടിഞ്ഞാറ്റിന്‍കര, പവിജാ പത്മന്‍, കാര്‍ത്തിക വി.നാഥ്, റെജിമോന്‍ വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.
തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ദിവസം രാത്രിയില്‍ കൊട്ടാരക്കരയിലെ യു.ഡി.എഫ് നേതാക്കളില്‍ ചിലരുടെ വീടുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്കു നേരെയും ആക്രമണം നടന്നിരുന്നു. ഇതിനു നേതൃത്വം നല്‍കിയ നാലുപേരെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. കേരളാകോണ്‍ഗ്രസ് (ബി) നേതാവും നഗരസഭാ ഉപാധ്യക്ഷനുമായ എ. ഷാജുവിന്റെ നേതൃത്വത്തിലുള്ളവരെയാണ് പൊലിസ് പിടികൂടിയത്. അക്രമങ്ങള്‍ക്കു പിന്നില്‍ കേരളാ കോണ്‍ഗ്രസില്‍ (ബി) പെട്ട ചിലരാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെ എല്‍.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചേര്‍ന്ന് അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അത്തരം ആളുകളെ സംരക്ഷിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് യു.ഡി.എഫ് നേതൃത്വത്തിന് എല്‍.ഡി.എഫ് കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."