നെടുമ്പാശ്ശേരിയില്‍ പിടികൂടിയ മയക്കുമരുന്ന് കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതെന്ന്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ പിടികൂടിയ മയക്കുമരുന്ന് കൊച്ചിയില്‍ വിതരണത്തിനെത്തിച്ചതെന്നു സൂചന. കൊച്ചിയിലെ ഹോട്ടലില്‍വച്ച് കൈമാറാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്ന് പിടിയിലായ ഫിലിപ്പൈന്‍സ് യുവതി ചോദ്യംചെയ്യലില്‍ പറഞ്ഞു. ഇതിനായി പ്രസിഡന്‍സി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടല്‍മുറി നര്‍കോട്ടിക് സംഘം പരിശോധിച്ചുവരികയാണ്.
ബ്രസീലില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചത്. ബ്രസീലില്‍ നിന്നുള്ള സന്ദേശങ്ങള്‍ അടക്കം അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസമാണ് ഫിലിപ്പൈന്‍സ് സ്വദേശിയായ ജൊഹാനയില് നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്. മസ്ക്കത്ത് വിമാനത്തിലാണ് ജൊഹാന എത്തിയത്. യുവതിയുടെ ബാഗില്‍ നിന്ന് നാലേമുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്നാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കണ്ടെടുത്തത്.
സാവോപോളോയില്‍ നിന്നാണ് യുവതി യാത്ര തുടങ്ങിയത്. മസ്ക്കത്ത് വഴി കൊച്ചിയിലെത്തുകയായിരുന്നു. കൊക്കെയ്ന്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു ഇവരുടെ ജോലി. നിര്‍ദേശങ്ങളനുസരിച്ച് ഇടനിലക്കാര്‍ക്ക് കൈമാറാനാണ് താന്‍ എത്തിയതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."