അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ 10 കല്‍പന
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിജിലന്‍സിന് പത്തുകല്‍പനയുമായി സര്‍ക്കാര്‍. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും ഇനി ഏതുനിമിഷവും വിജിലന്‍സ് കടന്നുവരാം. ഏതുസമയവും പരിശോധിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ വിജിലന്‍സിനു നല്‍കി. കൈക്കൂലിക്കാരെ മാത്രമല്ല പെരുമാറ്റ ദൂഷ്യമുള്ളവരെയും ഉത്തരവുകള്‍ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരെയും വിജിലന്‍സ് കുരുക്കും.
ഇതുവരെ കൈക്കൂലി വാങ്ങുന്നത് തടയാന്‍ വേണ്ടി മാത്രമാണ് വിജിലന്‍സിനെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ലക്ഷ്യവുമായാണ് വിജിലന്‍സിനെ രംഗത്തിറക്കാന്‍ പത്തുകല്‍പന പുറപ്പെടുവിച്ചത്.
എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനം നിരീക്ഷിക്കുക, മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി പരിശോധന നടത്തി അഴിമതിക്കാരെ കുടുക്കുക, ഓഫിസുകളിലെ ഹാജര്‍ബുക്ക് പരിശോധിക്കുക, പഞ്ചിങ് ഉള്ള സ്ഥലങ്ങളിലാണെങ്കില്‍ പഞ്ച് ചെയ്ത ഉദ്യോഗസ്ഥര്‍ സീറ്റിലുണ്ടോ എന്ന് ഉറപ്പുവരുത്തുക, ഓഫിസുകളിലെ കാഷ് ബുക്ക്, ദിവസേനയുള്ള രജിസ്റ്ററുകള്‍, പണം വാങ്ങുന്ന വിവരങ്ങള്‍ അടങ്ങിയ രസീത് ബുക്ക് എന്നിവ പരിശോധിക്കുക, പണം കൈവശമുണ്ടെങ്കില്‍ അതിന്റെ ഉറവിടം പരിശോധിക്കുക, വിവരാവകാശം, സേവനവകാശം എന്നിവ ഓഫിസുകളില്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, ഓഫിസ് മാന്വലും, ഓഫിസ് പര്‍ച്ചേസ് റെക്കോര്‍ഡുകളും പരിശോധിക്കുക, പദ്ധതികള്‍ക്ക് നല്‍കിയ തുകയില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക, സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകളുടെ വിനിയോഗത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുക, ഓഫിസില്‍ മദ്യാപാനം, പുകവലി എന്നിവ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക, സര്‍ക്കാര്‍ തീരുമാനങ്ങള്‍ നീട്ടികൊണ്ടുപോകാതെ കൃത്യമായി നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുക, വകുപ്പുകളിലെ ഓഡിറ്റുകള്‍ പരിശോധിക്കുക എന്നിവയാണ് സര്‍ക്കാര്‍ വിജിലന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.
ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സിലെ എല്ലാ യൂനിറ്റ് മേധാവികള്‍ക്കും സര്‍ക്കുലറയച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലയായി തിരിച്ചാണ് വിജിലന്‍സ് സര്‍ക്കാര്‍ ഓഫിസുകള്‍ പരിശോധിക്കുക. എസ്.പിയുടെ നേതൃത്വത്തിലായിരിക്കും മേഖലാതല സംഘം.
ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതും സാധാരണക്കാര്‍ കൂടുതല്‍ എത്തുന്നതുമായ തദ്ദേശം, റവന്യൂ, ആരോഗ്യം എന്നീ വകുപ്പുകളിലായിരിക്കും പരിശോധന കര്‍ശനമാക്കുക. നേരത്തെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ഇതേ പദ്ധതി ആവിഷ്‌കരിക്കുകയും ഒരളവു വരെ അഴിമതി ഇല്ലാതാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് തലപ്പത്ത് വന്നപ്പോള്‍ പരിശോധന പൂര്‍ണമായും നിര്‍ത്തുകയും സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും പരിശോധനയ്ക്ക് വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."