HOME
DETAILS

വെള്ളരിപ്രാവുകള്‍ പറക്കാത്ത കണ്ണൂര്‍

  
backup
January 02 2018 | 20:01 PM

whilte-pigeon-not-fly-kannur-spm-today-articles

കണ്ണൂരില്‍ സമാധാനം പുലരുമെന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ഏതൊരാളും ചിരിക്കും. പുതുവര്‍ഷത്തിലെ കോമഡി പ്രതിജ്ഞകളിലൊന്നായി അതുമാറും. നിലവിലുള്ള സാഹചര്യത്തില്‍ കണ്ണൂരില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറക്കില്ല. അതെല്ലാവര്‍ക്കുമറിയുന്ന സത്യമാണെങ്കിലും ആരും അത്രപെട്ടെന്നുസമ്മതിച്ചു തരില്ല. ഒരു ഭാഗത്ത് എതിരാളിയുടെ വീടിനെറിയാന്‍ ബോംബിന് തിരികൊളുത്തുകയും മറുഭാഗത്ത് സമാധാനയോഗത്തിലിരുന്ന് കണ്ണീരൊഴുക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കും ആരെയും അരിഞ്ഞുതള്ളാനുള്ള കലിപ്പുമായി നടക്കുന്ന കട്ടഫാന്‍സ് അസോസിയേഷനുകളായ അണികള്‍ക്കും ഭരിക്കുന്നവരുടെ കൊടിനോക്കി ഓന്തിനെപ്പോലെ നിറംമാറുന്ന പൊലിസിനുമറിയാം കണ്ണൂരില്‍ സമാധാനം വരില്ലെന്ന്.


കഴിഞ്ഞ മുപ്പതുവര്‍ഷത്തിലേറെയായി കണ്ണൂരില്‍ ബോംബേറും വെട്ടിക്കൊല്ലലും ഗംഭീരമായി നടക്കുന്നു. എല്ലാ പാര്‍ട്ടികളിലുമായി മുന്നൂറിലെറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ക്ക് കൈയും കാലുമറ്റു. അത്താണി നഷ്ടപ്പെട്ടു, നെയ്യപ്പം വാങ്ങിവരാമെന്ന് പറഞ്ഞു രാവിലെ ജോലിക്കു പോകുന്ന അച്ഛന്റെ വെട്ടിക്കീറിയ ശരീരം രാത്രി വീടുകളിലെത്തുന്നതു കാണേണ്ടി വരുന്നു കുഞ്ഞുങ്ങള്‍ക്ക്. അണ്ടല്ലൂരിലെ അനഘയെന്ന മിടുമിടുക്കിയായ പെണ്‍കുട്ടിയുടെ കഥ ലോകം മുഴുവന്‍ കേട്ടതാണ്. അണ്ടല്ലൂരിലെ അനഘയും ചെറുവാഞ്ചേരിയിലെ അസ്‌നയും ഇനിയുമുണ്ടാകും. കലക്ടറേറ്റിലെ ശീതീകരിച്ച ഹാളില്‍ സമാധാനയോഗങ്ങള്‍ മുറപോലെ നടക്കും. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ നേതാക്കന്‍മാര്‍ പരസ്പരം നാടകീയമായി വാരിപ്പുണരും. മാധ്യമങ്ങളെ ഒരുമിച്ചു കാണും. എന്നിട്ടു പുറത്തുപോയി വീണ്ടും അണികളോട് ബോംബെറിയാന്‍ പറയും. അതാണെപ്പോഴും കണ്ണൂര്‍.


ഓരോ കൊല നടക്കുമ്പോഴും കൊന്നവര്‍ക്ക് ഒരുപാട് തൊടുന്യായങ്ങള്‍ കാണും. മുന്‍പു കൊന്നതിന്റെ കണക്കുകള്‍ അവര്‍ വിളമ്പും. ഫാസിസത്തിനെതിരെയുള്ള പ്രതിരോധമെന്നും അതിജീവനസമരമെന്നും പറയും. അടുത്ത കൊല നടത്താന്‍ മുന്‍കൂട്ടി പറയുന്ന ന്യായീകരണമാണിത്. കൊല്ലപ്പെട്ടവര്‍ക്കുംകാണും കണക്കുകള്‍. തിരിച്ചടിക്കാനുള്ള ആവേശപ്പെടുത്തലാണത്. കണ്ണിനുകണ്ണ്, ചോരയ്ക്കു ചോരയെന്ന ഹമുറാബിയുടെ മന്ത്രമാണ് അവരുമോതുന്നത്.


കണ്ണൂരിലെ കൊലക്കത്തിരാഷ്ട്രീയമവസാനിപ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചതാണ്. കണ്ണൂരിന്റെ പ്രിയപ്പെട്ട നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ നായനാര്‍ ഒരുപാട് വിയര്‍പ്പൊഴുക്കി. വി. ആര്‍ കൃഷ്ണയ്യരുടെ സമാധാനശ്രമങ്ങളും വിലപ്പോയില്ല. ഇതുകൂടാതെ സിനിമാതാരങ്ങളുടെ പൊറാട്ട് നാടകങ്ങളും കണ്ണൂരിലരങ്ങേറി. മാറിമാറി വന്ന കലക്ടര്‍മാര്‍, പൊലിസ് മേധാവികള്‍, ആഭ്യന്തരമന്ത്രിമാര്‍ ഇവരൊക്കെ കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ ഓരോകാലത്തും കുരവയിട്ടവരാണ്.


മനുഷ്യന് സ്വസ്ഥതയോടെ ജീവിക്കാന്‍ കഴിയാത്ത, സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയാത്ത സ്‌പെഷ്യല്‍ സോണുകളാണ് ഇപ്പോഴും കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍. ഇവിടെ നിയമവും നീതിയും വേറെ. അനുവാദമില്ലാതെ കടന്നുകയറുന്നവര്‍ശിക്ഷിക്കപ്പെടും(പൊലിസാണെങ്കില്‍പ്പോലും). ഇവിടെ പ്രവേശിക്കണമെങ്കില്‍ പ്രത്യേക ഹംപുകളും മുന്നറിയിപ്പ് ബോര്‍ഡുകളും ചെക്ക്‌പോസ്റ്റുകളും ബോംബ് നിര്‍മാണ കേന്ദ്രങ്ങളും താണ്ടണം. സി.പി. എമ്മിന് ചുവപ്പ്, ബി.ജെ.പിക്ക് കാവി, കോണ്‍ഗ്രസിന് മൂവര്‍ണം, മുസ്‌ലീം ലീഗിനും എസ്. ഡി. പി. ഐക്കും പച്ച ഇങ്ങനെപ്പോകുന്നു പാര്‍ട്ടിഗ്രാമങ്ങളുടെ നിറങ്ങള്‍. അസഹിഷ്ണുതയുടെ ഈ രോഗം കാണാതെയുള്ള തൊലിപ്പുറത്തെ ചികില്‍സയാണ് കണ്ണൂരിലെന്നും നടന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ നേതാക്കള്‍ സമാധാനയോഗ കരാറില്‍ ഒപ്പിട്ടതിന്റെ മഷിയുണങ്ങുന്നതിനു മുന്‍പ് തന്നെ അക്രമം ആവര്‍ത്തിക്കുന്നു. അടിമുടിയുള്ള ക്രിമിനല്‍വല്‍ക്കരണമാണ് കണ്ണൂരിന്റെ ഏറ്റവും വലിയ പ്രശ്‌നം. പാര്‍ട്ടികളുടെ താഴെത്തട്ടുമുതല്‍ മുകളറ്റംവരെ ക്രിമിനലുകള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം പണാധിപത്യവും അധികാരമോഹവും അസഹിഷ്ണുതയും ചേരുന്നു. പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ ഉല്‍സവങ്ങളാക്കുന്നതു പോലെ ഇവിടെ ഓരോ കൊലയും ഉല്‍സവമാണ്. നേതാക്കളും പ്രതികളും പ്രതികളാക്കപ്പെടുന്നവരും അഭിഭാഷകരും മാധ്യമങ്ങളും എല്ലാം ഈ ഉല്‍സവങ്ങളില്‍ പങ്കാളികളാണ്. ഏറ്റവും ചുരുങ്ങിയത് ഒരു കോടിയിലേറെ രൂപ ചിലവഴിക്കുന്ന മഹോല്‍സവങ്ങള്‍. എതിരാളിക്കെതിരേ പകയുടെ കത്തിക്കു മൂര്‍ച്ച കൂട്ടാന്‍ മരിച്ചുവീണവരുടെ ചോര ഹരമായി മാറും. എതിരാളിയുടെ കോട്ടകളില്‍ കയറി അക്രമിക്കുന്നവര്‍ വീരന്‍മാരാണ്. ഇതിനിടയില്‍ കൊല്ലപ്പെട്ടാലും വീരത്വം ചാര്‍ത്തിക്കിട്ടുന്നു.


ചോരതിളയ്ക്കുന്ന കൗമാരക്കാരുടെ തലച്ചോറില്‍ പകയുടെ പിരികയറ്റി കൊടുവാള്‍ കൈയില്‍വച്ചു കൊടുക്കുന്നതു മിസ് കോളടിച്ചാലും ഏതുനട്ടപ്പാതിരയിലും തിരിച്ചുവിളിക്കുമെന്ന് ഇവര്‍ക്കുറപ്പുള്ള നേതാക്കള്‍ തന്നെയാണ്. വെട്ടേണ്ടവന്റെയും കാലപുരിക്കയക്കേണ്ടവന്റെയും പട്ടികയും ഇവരുടെ കൈയിലാണ്. ഇത്തരം ചോരച്ചാലുകള്‍ നീന്തിക്കയറിയാണ് കണ്ണൂരിലെ നേതാക്കന്‍മാര്‍ അധികാര കസേരയുറപ്പിക്കുന്നത്.


പാതയോരത്തെ അലങ്കാരങ്ങളും പാര്‍ട്ടി നിറമടിച്ച വൈദ്യുത തൂണുകളും കാവിയും ചുവപ്പും പച്ചയും മൂവര്‍ണവും പൂശിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പരസ്പരം ഏറ്റുമുട്ടാനുള്ള കാരണങ്ങളാണ്. എഴുപതുകളില്‍ കണ്ണൂരിന്റെ മനസിലുണ്ടായിരുന്ന രാഷ്ട്രീയ ബോധ്യങ്ങളും ഉറപ്പുകളും ജനാധിപത്യബോധ്യങ്ങളും പണത്തിന്റെ കുത്തൊഴുക്കില്‍ അലിഞ്ഞില്ലാതായതാണ് കാതലായ പ്രശ്‌നം. രാഷ്ട്രീയ പ്രബുദ്ധതയെന്നത് വെറും പ്രകടനപരതയായി മാറി. അതിന്റെ കെട്ടുകാഴ്ചയായി കൊടികളും അലങ്കാരങ്ങളും കെട്ടിടസമുച്ചയങ്ങളും സ്മാരകങ്ങളും മാറി. നേരത്തെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചനടന്നിരുന്ന പൊതുയിടങ്ങള്‍ കണ്ണൂരിലുണ്ടായിരുന്നു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം ഓരോ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തിന്റെ ആയുധമണിഞ്ഞ് എതിരാളികളെ വാക്കിനാല്‍ കീഴടക്കാന്‍ ആര്‍ജവമുള്ള നേതാക്കളുണ്ടായിരുന്നു. സാംസ്‌കാരികമായി അന്വേഷണങ്ങളെ തിരിച്ചറിയാനുള്ള വിശാലതയും ഇവര്‍ പുലര്‍ത്തിയിരുന്നു. ഇന്ന് നേതൃത്വം മുതല്‍ അണികള്‍വരെ ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടു. നേതാക്കള്‍ മാടമ്പികളായി. ഇവര്‍ പറഞ്ഞാല്‍ അക്രമം നടത്താനും ബോംബ് നിര്‍മിക്കാനുമുള്ള ചാവേറുകളായി അണികള്‍ മാറി. ജലമില്ലാതെ മല്‍സ്യത്തിന് ജീവിക്കാന്‍ കഴിയാത്തതുപോലെ അക്രമമില്ലാതെ ഈ നേതാക്കന്‍മാര്‍ക്കും ചാവേറുകള്‍ക്കും നിലനില്‍പ്പില്ല. അതിനാല്‍ കണ്ണൂരില്‍ അക്രമം നടന്നുകൊണ്ടേയിരിക്കും. ഇടവേളകളില്‍ സമാധാനയോഗങ്ങളും. അത്രമാത്രം,അതിനുമപ്പുറമൊന്നും പ്രതീക്ഷിക്കരുത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago