മാഞ്ചസ്റ്ററിന് മിന്നും ജയം
എവര്‍ട്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ ആവേശപ്പോരാട്ടത്തില്‍ എവര്‍ട്ടനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തേരോട്ടം. ആന്റണി മാര്‍ഷ്യല്‍(57), ജെസി ലിംഗാര്‍ഡ് എന്നിവരാണ് മാഞ്ചസ്റ്ററിനു വേണ്ടി ഗോള്‍ നേടിയത്. ഇതോടെ പോയന്റ് പട്ടികയില്‍ ചെല്‍സിയെ പിന്തള്ളി മാഞ്ചസ്റ്റര്‍ രണ്ടാം സ്ഥാനത്തെത്തി.
പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം തിരികെ പിടിക്കാന്‍ ജയം അനിവാര്യമായിരുന്ന മാഞ്ചസ്റ്ററിന് പിഴച്ചില്ല. കളിയുടെ 61 ശതമാനവും പന്ത് കൈവശം വച്ച മാഞ്ചസ്റ്റര്‍ തുടക്കം മുതല്‍ എതിര്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു കൊണ്ടിരുന്നു. ഗോള്‍ കീപ്പര്‍ പിക്ക്‌ഫോര്‍ഡിന്റെ മികച്ച സേവുകളാണ് എവര്‍ട്ടനെ വലിയ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. പരുക്കേറ്റ ലുക്കാക്കുവിനു പകരം ആന്റണി മാര്‍ഷ്യലിനെയും ഇബ്രാഹിമോവിച്ചിനു പകരം ലിംഗാര്‍ഡിനെയും ഇറക്കിയ കോച്ച് ഹോസെ മൗറിഞ്ഞോയുടെ തന്ത്രം ഫലംകണ്ടു. 51ാം മിനുട്ടില്‍ മാട്ടയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് നിരാശയായി.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ആന്‍ണി മാര്‍ഷ്യലാണ് മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്. 57ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് പോഗ്ബ മറിച്ചു നല്‍കിയ പന്ത് ബോകസിനു പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ഷ്യലിലേക്ക്. പന്ത് സ്വീകരിച്ച മാര്‍ഷ്യല്‍ ഓടിയടുത്ത ഡിഫന്‍ഡര്‍മാര്‍ക്കു മുകളിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്ത് ചിപ്പ് ചെയ്യുകയായിരുന്നു (1-0). കൃത്യമായ പാസുകളിലൂടെകളം വാണ് കളിച്ച മാഞ്ചസ്റ്ററിന് ഗോളെന്നുറച്ച പല അവസരങ്ങളും മുതലാക്കാനായില്ല. 63ാം മിനുട്ടില്‍ എതിര്‍ബോക്‌സിലേക്ക് ഓടിക്കയറിയ പോഗ്ബ പോസ്റ്റിലേക്ക് മിന്നല്‍ ഷോട്ട് പായിച്ചെങ്കിലും ഗോള്‍കീപ്പറുടെ ഇടപെടല്‍ എവര്‍ട്ടന് രക്ഷയായി. മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് 81ാം മിനുട്ടില്‍ വീണ്ടും ഫലം കണ്ടു.
രണ്ട് എവര്‍ട്ടന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് ലിന്‍ഗാര്‍ഡ് തൊടുത്ത അത്യുഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ പറന്നിറങ്ങി(2-0). രണ്ടു ഗോളുകള്‍ വീണതോടെ എവര്‍ട്ടന്‍ പതറി.
തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റര്‍ പ്രതിരോധത്തിനു മുന്നില്‍ അവര്‍ കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."