ജില്ലയില്‍ 'വിമുക്തി' പദ്ധതി ഫെബ്രുവരി ഒന്ന് മുതല്‍
കല്‍പ്പറ്റ: മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്ന് ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ട് രൂപം നല്‍കിയ സംസ്ഥാന ലഹരിവര്‍ജന മിഷന്‍-'വിമുക്തി'യുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് പനമരത്ത് തുടക്കമാകും.
വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിന് കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്റ്റുഡന്റ് പൊലിസ്, എന്‍.എസ്.എസ്, ലൈബ്രറി കൗണ്‍സില്‍, സന്നദ്ധ-വിദ്യാര്‍ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, നിലവില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതത്തില്‍ തിരിച്ചടിയേല്‍ക്കേണ്ടി വന്നവരെ ഉള്‍പ്പെടുത്തി ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തുക, ഹെല്‍പ് ലൈനുകളും കോള്‍സെന്ററുകളും സ്ഥാപിക്കുക, ആദിവാസി മേഖലകളില്‍ പ്രത്യേക ഇടപെടലുകള്‍ നടത്തുക, മദ്യവര്‍ജന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ പരിപാടികളാണ് മിഷന്‍ ലക്ഷ്യമാക്കുന്നത്.
ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുവാനായി മ്യൂസിക് കൂട്ടായ്മകള്‍, ഫഌഷ് മോബ്, റോഡ്‌ഷോകള്‍, സൈക്കിള്‍ റാലികള്‍, മാരത്തോണ്‍, ഡോക്യുമെന്ററി-ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, കളരി, കരാട്ടേ, യോഗ എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍, വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ രൂപീകരണം, സ്‌കൂളുകളില്‍ നിലവിലുള്ള 'ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍' പദ്ധതി ശക്തിപ്പെടുത്തല്‍, സെമിനാറുകള്‍, കമ്മ്യൂണിറ്റി പ്രൊജക്ടുകള്‍, സംവാദം തുടങ്ങിയവയുടെ സംഘാടനം, രക്ഷിതാക്കള്‍ക്കായി പ്രത്യേക പാരന്റിങ് പരിപാടികള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ തുടങ്ങിയവയും നടത്താന്‍ നിര്‍ദേശമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ചെയര്‍മാനും ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി കണ്‍വീനറുമായ കമ്മിറ്റിയാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ത്രിതല പഞ്ചായത്തുകളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വാര്‍ഡുതലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ കണ്‍വീനറായുമുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ ഒ.ആര്‍ കേളു, സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി തോമസ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്തിരാജന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ ജയപ്രകാശ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ സജി, ഡിവൈ.എസ്.പി കെ.സി ഹരിഹരന്‍, ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."