തരുവണ-നിരവില്‍പുഴ റോഡ് ഒച്ചിനെ തോല്‍പ്പിച്ച് നവീകരണ പ്രവൃത്തികള്‍
മാനന്തവാടി: ചരക്കുലോറികളുള്‍പ്പെടെ കടന്നു പോകുന്ന കുറ്റ്യാടി ചുരവുമായി ബന്ധിപ്പിക്കുന്ന തരുവണ-നിരവില്‍പുഴ റോഡ് നവീകരണം ഒച്ചിഴയും വേഗത്തില്‍. 2017 ഒക്ടോബര്‍ ആദ്യത്തിലാണ് നിയോജക മണ്ഡലത്തില്‍ തന്നെ ഏറ്റവും തകര്‍ന്ന് കിടന്നിരുന്ന റോഡിന്റെ നവീകരണം ആരംഭിച്ചത്.
എന്നാല്‍ മൂന്ന് മാസമായിട്ടും റോഡിന്റെ ഇരുഭാഗത്തെയും മണ്ണെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. ഒരു മണ്ണ് മാന്തി യന്ത്രവും ടിപ്പറും മാത്രം ഉപയോഗിച്ചാണ് പത്ത് കിലോമീറ്ററിലധികം ദൂരം വീതികൂട്ടുന്നതിനായി മണ്ണെടുപ്പ് നടക്കുന്നത്. റോഡില്‍ നിര്‍മിക്കേണ്ടതും വീതികൂട്ടേണ്ടതുമായ ഓവുചാലുകള്‍, കള്‍വര്‍ട്ടുകള്‍ എന്നിവയുടെ പ്രവൃത്തിയും നടന്നിട്ടില്ല.
കഴിഞ്ഞ മഴക്കാലത്ത് റോഡ് പൂര്‍ണമായും തകര്‍ന്നതോടെ വലിയ കുഴികളുള്ള ഭാഗങ്ങളില്‍ ക്വാറി വെയിസ്റ്റ് ഉപയോഗിച്ചു നികത്തിയതൊഴിച്ചാല്‍ ഈ റോഡില്‍ ഇപ്പോഴും യാത്ര നടുവൊടിക്കുന്നതാണ്.
താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കുഴിയില്‍ ചാടി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്. ഇതിന് പുറമെ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളില്‍ പൊടി ശല്യവും രൂക്ഷമായിരിക്കുകയാണ്.
തരുവണ മുതല്‍ പത്ത് കിലോമീറ്ററോളം ദൂരമാണ് ഏഴുമീറ്റര്‍ വീതിയില്‍ പത്ത് കോടി ചിലവില്‍ നവീകരിക്കുന്നത്. ബാക്കി വരുന്ന ഭാഗങ്ങള്‍ അമ്പത് ലക്ഷം രൂപ ചിലവഴിച്ച് കുഴികളടച്ചു ഗതാഗതയോഗ്യമാക്കുകയാണ് ചെയ്യുന്നത്.
ഈ പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ നവീകരണ പ്രവൃത്തികള്‍ ആദ്യം കരാറേറ്റെടുത്തയാള്‍ പിന്മാറുകയും രണ്ടാം സ്ഥാനക്കാരനെ പ്രവൃത്തികളേല്‍പ്പിക്കുകയുമായിരുന്നു.
മൂന്ന് മാസം മുമ്പ് പ്രവൃത്തികളാരംഭിച്ചിട്ടും ഇനിയും നാല് മാസമെടുത്താലും നവീകരണം പൂര്‍ത്തിയാവാത്ത നിലയിലാണ് ഇപ്പോള്‍ പണി നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."