വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം ഉണര്‍ത്തി പ്രകൃതിപഠന ക്യാംപുകള്‍
കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി റേഞ്ച് ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രകൃതിപഠന ക്യാംപുകള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം ഉണര്‍ത്തുന്നു. കാടിനെയും അതിലെ ജീവജാലങ്ങളെയും അടുത്തറിയുന്നതിനു അവസരമൊരുക്കുന്ന ക്യാംപുകള്‍ കുട്ടികളുടെ ചിന്തകളെയും പ്രവൃത്തികളെയും പരിസ്ഥിതി സൗഹൃദമാക്കുന്നതിനു ഉതകുന്നുണ്ടെന്ന് മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ഡപ്യൂട്ടി ഓഫിസര്‍ വി.പി മുരളീകൃഷ്ണന്‍ പറഞ്ഞു.
ജില്ലയില്‍ വര്‍ഷങ്ങള്‍ മുന്‍പ് തുടങ്ങിയതാണ് പ്രകൃതി പഠന ക്യാംപുകള്‍. ഇതിനകം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു കുട്ടികളാണ് കാടിനെ തൊട്ടറിഞ്ഞ് മടങ്ങിയത്. പരിസ്ഥിതി സംരക്ഷണരംഗത്ത് സജീവമാണ് ഇവരില്‍ പലരുടെയും സാന്നിധ്യം. മൂന്നുദിവസം നീളുന്നതാണ് ഓരോ പ്രകൃതി പഠനക്യാംപും. ഇതില്‍ പങ്കെടുക്കുന്നതിനു അഞ്ചുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും അവസരം. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം, മനുഷ്യ-മൃഗ സംഘര്‍ഷം, ജൈവവൈവിധ്യം, വന്യജീവി സങ്കേതവും ദേശീയോദ്യാനവും തമ്മിലുള്ള വ്യത്യാസം, കാടിന്റെ പ്രത്യേകതകള്‍, വനസംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് ക്യാംപുകളില്‍ മുഖ്യമായും കൈകാര്യം ചെയ്യുന്നതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ പറഞ്ഞു.
പ്രകൃതി-വന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ക്യാംപുകളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കുന്നത്. വിദ്യാലയങ്ങള്‍ മുഖേനയാണ് കുട്ടികളെ ക്യാംപില്‍ പങ്കെടുപ്പിക്കുന്നത്. ഒരു ക്യാമ്പില്‍ 35-40 പേര്‍ക്കാണ് പ്രവേശനം. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുന്‍ഗണനാക്രമം നിശ്ചയിച്ചാണ് കുട്ടികള്‍ക്ക് പ്രകൃതിപഠനത്തിനു സൗകര്യം ഒരുക്കുന്നത്.
വിദ്യാര്‍ഥികളെ ക്യാംപില്‍ പങ്കെടുപ്പിക്കുന്നതിനായി നിരവധി സ്‌കൂളുകളില്‍നിന്നുള്ള അപേക്ഷകളാണ് ഓരോ വര്‍ഷവും വയനാട് വൈല്‍ഡ് വാര്‍ഡന്റെ കാര്യാലയത്തില്‍ എത്തുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് പ്രകൃതിപഠനക്യാംപില്‍ പങ്കെടുക്കുന്നതിനു മുന്‍ഗണന. ഈ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് കാടിനോടുള്ള സാമീപ്യം കണക്കിലെടുത്താണിത്.
പങ്കെടുക്കുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്. ഡോര്‍മിറ്ററികളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നത്. 2016ല്‍ ജില്ലയില്‍ മൂന്നിടങ്ങളിലുമായി 100 ക്യാംപുകള്‍ നടത്തിയെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മുത്തങ്ങയില്‍ ഈ മാസം 19, 20, 21 തിയതികളില്‍ അധ്യാപകര്‍ക്കായി ക്യാംപ് നടത്തിയിരുന്നു.
നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റുകള്‍ വനം-വന്യജീവി വകുപ്പിന്റെ അനുമതിയോടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുമാണ് വനസംരക്ഷണ പരിപാടികളില്‍ ഏര്‍പ്പെടുന്നത്.
കാടിനകത്തുള്ള ചെറുതോടുകളിലുള്ള തടസങ്ങള്‍ നീക്കിയും തടയണകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തും മറ്റുമാണ് വിദ്യാര്‍ഥികള്‍ വനസംരക്ഷണത്തില്‍ നേരിട്ട് പങ്കാളികളാകുന്നത്. ബത്തേരി റേഞ്ചിലെ മഞ്ചാലിലുള്ള തടയണയില്‍ അടിഞ്ഞുകൂടിയ മണ്ണ് ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ഈയിടെ നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."