ഒരു തുള്ളി വെള്ളം പോലുമില്ലാതെ എങ്ങനെ സ്‌കൂള്‍ തുറക്കും.?
ചെറുവത്തൂര്‍: പ്രവേശനോത്സവ ദിനം അടുത്തെത്തിയതോടെ അധ്യാപകര്‍ ആശങ്കയില്‍. വേനല്‍ മഴ ചതിച്ചതിനാല്‍ ഒരു തുള്ളിവെള്ളം പോലുമില്ലാതെ എങ്ങനെ സ്‌കൂള്‍ തുറക്കും എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.
ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലെയും ജലസ്രോതസുകള്‍ വറ്റി വരണ്ടു കിടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ച ജില്ലയാണ് കാസര്‍കോട്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ അളവില്‍ 66 ശതമാനത്തിന്റെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ശക്തമായ ഒരു വേനല്‍ മഴ പോലും ലഭിക്കാത്ത പ്രദേശങ്ങളും ജില്ലയിലുണ്ട്. പിലിക്കോട്, ചെറുവത്തൂര്‍,പടന്ന, വലിയ പറമ്പ് പഞ്ചായത്തുകളില്‍ ചാറ്റല്‍ മഴ മാത്രമാണ് ഈ വേനല്‍ക്കാലത്ത് ലഭിച്ചത്. ജൂണ്‍ ഒന്നിനാണ് ഇക്കുറി പ്രവേശനോത്സവം.
അതായത് നാല് ദിവസം കഴിഞ്ഞാല്‍ സ്‌കൂള്‍ തുറക്കും. ആദ്യദിനം മുതല്‍ തന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. വെള്ളമില്ലാത്തതിനാല്‍ ഇത് നടക്കുകയില്ല. ടോയ് ലറ്റുകളിലും മറ്റും വെള്ളമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കും. ജില്ലയില്‍ മുന്‍വര്‍ഷങ്ങളില്‍ വേനലില്‍ 130.2 മില്ലീലിറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 44.6 മില്ലീലിറ്റര്‍ മാത്രമായി കുറഞ്ഞു.
മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചവരും പ്രതിസന്ധിയിലാണ്. വെള്ളം ലഭിക്കാത്തതിനാല്‍ പ്രവൃത്തി എങ്ങുമെത്തിയില്ല.
നിലവില്‍ അവധിക്കാല അധ്യാപക പരിശീലനം നടക്കുന്ന ചിലയിടങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. കടുത്ത ചൂടാണ് ഇപ്പോഴും ജില്ലയില്‍ അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയുന്നുമില്ല.
ഇന്നലെ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്. എന്നാല്‍ ഇത് ചുരുക്കം ചിലയിടങ്ങളിലെ ചാറ്റല്‍ മഴയില്‍ ഒതുങ്ങി.
വാഹനങ്ങളിലും മറ്റും എത്തിക്കുന്ന കുടിവെള്ളം തന്നെയാണ് ഇപ്പോഴും ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയം. തെക്കന്‍ ജില്ലകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചതിനാല്‍ അവിടുത്തെ സ്ഥിതി മാത്രം കണക്കിലെടുത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറന്നാല്‍ ജില്ലയില്‍ അത് കടുത്ത പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."