നഗരസഭകളിലെ ശൗചാലയ നിര്‍മാണ പദ്ധതി മന്ദഗതിയില്‍
മലപ്പുറം: ജില്ലയിലെ നഗരസഭകളെ സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത (ഒ.ഡി.എഫ്)മാക്കാനുള്ള പദ്ധതി മന്ദഗതിയില്‍. ഡിസംബര്‍ 31 നകം ലക്ഷ്യം കൈവരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് നഗരസഭകള്‍ മാത്രമാണ് ഇതുവരെയായി ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നഗരസഭകളിലും സമ്പൂര്‍ണ ശൗചാലയ നിര്‍മാണ പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളേയും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചത്.
ജില്ലയിലെ കോട്ടക്കല്‍, തിരൂരങ്ങാടി നഗരസഭകളാണ് ഇതിനകം ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കോട്ടക്കലില്‍ പദ്ധതിയുടെ ഭാഗമായി 22 ശൗചാലയങ്ങളും തിരൂരങ്ങാടിയില്‍ 112 എണ്ണവും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 12 മുന്‍സിപ്പാലിറ്റികളിലായി 3110 ശൗചാലയങ്ങളാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ 622 എണ്ണത്തിന്റെ നിര്‍മാണം മത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 1222 എണ്ണത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 1759 എണ്ണത്തിന് നിര്‍മാണ കരാര്‍ പോലും നല്‍കിയിട്ടില്ലെന്നും ശുചിത്വമിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 27 എണ്ണത്തിന് കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല. ഒ.ഡി.എഫ്. പദ്ധതിയില്‍ 15,400 രൂപയാണ് ഒരു ശൗചാലയം നിര്‍മിക്കുന്നതിന് അനുവദിക്കുക. നഗരസഭകളില്‍ ശൗചാലയമില്ലാത്തവര്‍ ഇല്ലാത്തവര്‍ അക്ഷയവഴിയാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് നഗരസഭാധികൃതര്‍ പരിശോധന നടത്തും. അര്‍ഹത ഉറപ്പാക്കിയാല്‍ 5000 രൂപ അഡ്വാന്‍സ് നല്‍കും. തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയായിവരുന്ന മുറയ്ക്ക് ബാക്കി തുക കൂടി നല്‍കും. 2015ല്‍ നടത്തിയ സര്‍വേ പ്രകാരം കണ്ടെത്തിയ ശുചിമുറിയില്ലാത്ത കുടുംബങ്ങള്‍ക്കാണ് ശുചിമുറി നിര്‍മിച്ചുനല്‍കുന്നത്.
സംസ്ഥാനത്ത് കോഴിക്കോട് ജില്ല മാത്രമാണ് ഇതിനകം സമ്പൂര്‍ണ ശൗചാലയമെന്ന ലക്ഷ്യം കൈവരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ എട്ട് നഗരസഭകളും ഒ.ഡി.എഫ് പ്രഖ്യാപനം നടത്തി. 2855 ശൗചാലയങ്ങള്‍ നിര്‍മിച്ചാണ് കോഴിക്കോട് ജില്ലയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു നഗരസഭയും സമ്പൂര്‍ണ ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. ഇടുക്കി(1), എറണാകുളം(1), പാലക്കാട്(6), മലപ്പുറം(2), കണ്ണൂര്‍(6) എന്നിങ്ങനെയാണ് ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയ നഗരസഭകളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."