കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: സംസ്ഥാനത്ത് കാര്‍ഷിക മേഖല വന്‍ തകര്‍ച്ച നേരിട്ടതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയുകയും മിക്ക അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുകയും ചെയ്തതായി സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യധാന്യങ്ങളുടെ കൃഷി വിസ്തൃതിയും 13.72 ശതമാനം കുറഞ്ഞു.
15 വര്‍ഷത്തെ അപേക്ഷിച്ച് 48.71 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഭക്ഷ്യേതര വിളകളുടെ വിസ്തൃതി ഒരു വര്‍ഷത്തിനിടെ 0.42 ശതമാനം കുറഞ്ഞു. മൊത്തം കൃഷിയിടങ്ങള്‍ കുറഞ്ഞത് 1.66 ശതമാനമാണ്.
നെല്ലിന്റെ ഉല്‍പാദനത്തില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 38 ശതമാനത്തിന്റെ കുറവുണ്ടായി. കശുവണ്ടി, റബര്‍, കുരുമുളക്, തേങ്ങ, പുകയില, തേയില എന്നിവയുടെ ഉല്‍പാദനങ്ങളിലും വലിയ കുറവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെല്‍കൃഷിയുടെ വിസ്തൃതിയില്‍ ഗണ്യമായ കുറവാണ് വര്‍ഷങ്ങളായി രേഖപ്പെടുത്തുന്നത്. 1975ലെ നെല്‍ ഉല്‍പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80.43 ശതമാനത്തിന്റെ കുറവാണുള്ളത്.
1.71ലക്ഷം ഹെക്ടറിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷി നടക്കുന്നത്. പാലക്കാട് ജില്ലക്കാണ് ഇതില്‍ ഒന്നാം സ്ഥാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നെല്‍കൃഷി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പച്ചക്കറി ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.02 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയോടൊപ്പം വ്യാപകമായ കീടബാധ, കാലാവസ്ഥാ വ്യതിയാനം, വന്യമൃഗ ശല്യം, തൊഴിലാളി ക്ഷാമം, വര്‍ധിച്ച ഉല്‍പാദന ചെലവ്, പ്രകൃതിക്ഷോഭം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കാര്‍ഷിക രംഗം നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."