വഖ്ഫ് ബോര്‍ഡിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
കൊച്ചി: വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും മെമ്പര്‍മാര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ സെയ്താലിക്കുട്ടി, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി.എം ജമാല്‍, മെമ്പര്‍മാരായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടുകൂടി കോടതിയില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തൃക്കാക്കര സ്വദേശി ടി.എം അബ്ദുസലാം 2016 ഡിസംബര്‍ മൂന്നിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അഴിമതി ആരോപണ ഹരജിയിലാണ് വിജിലന്‍സ് ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
വഖ്ഫ് വസ്തുക്കള്‍ അനധികൃതമായി കൈമാറ്റം ചെയ്തു, അനധികൃതമായി ജീവനക്കാരെ നിയമിച്ച് ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തി, മുന്‍ സി.ഇ.ഒ അനര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നു തുടങ്ങി പതിനഞ്ച് പരാതികളാണ് വിജിലന്‍സ് മുന്‍പാകെ എത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ നിയമനങ്ങള്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരവും ഹൈക്കോടതി നിര്‍ദേശമനുസരിച്ചും വ്യത്യസ്ത സബ് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ പരിഗണിച്ചുമാണ് നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ബോര്‍ഡിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ അഞ്ച് ഡിവിഷണല്‍ ഓഫിസുകളുടെ ഉപയോഗത്തിനാണ്.
ശമ്പള പരിഷ്‌കരണ ഉത്തരവു പ്രകാരമുള്ള കുടിശ്ശിക മുന്‍ സി.ഇ.ഒക്ക് നല്‍കിയതില്‍ ബോര്‍ഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. വസ്തുത മറച്ചുവെച്ചു കൊണ്ട് വീണ്ടും ഇത്തരം ആരോപണങ്ങള്‍ വിജിലന്‍സ് കോടതി മുന്‍പാകെ ഉന്നയിച്ചത് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാനും വഖഫ് ബോര്‍ഡിനേയും മുന്‍ സി.ഇ.ഒയേയും അപകീര്‍ത്തിപ്പെടുത്താനാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."