മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു; വിവരമറിഞ്ഞ പിതൃസഹോദരന് കുഴഞ്ഞു വീണു മരിച്ചു
ജിദ്ദ: ഷറഫിയയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് ഹൃദായാഘാതം മൂലം മരിച്ചു. മരണ വിവരമറിഞ്ഞെത്തിയ പിതൃസഹോദരന് മൃതദേഹം കണ്ടയുടന്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് സ്വദേശി സല്മാന് (24) ആണ് ഹൃദായാഘാതം മൂലം മരിച്ചത്. മരണ വിവരം അറിഞ്ഞ സല്‍മാന്റെ പിതൃസഹോദരന് ഉമര്‍ (51) കുഴഞ്ഞു വീണുമരിക്കുകയുമായിരുന്നു.
ഉച്ചാരക്കടവ് ചക്കുപുരക്കല്‍ മാനു എന്ന മുഹമ്മദിന്റെ മകനാണ് സല്മാന്. നികാഹ് കഴിഞ്ഞു തിരിച്ചെത്തിയ സല്മാന് വിവാഹ സല്‍ക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജിദ്ദയില്‍ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയില്‍ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.
ഉച്ചാരക്കടവ് ചക്കുപുരക്കല്‍ ഉമര്‍ ജിദ്ദ ഷറഫിയയില്‍ തയ്യല്‍ ജോലിയാണ് ചെയ്തിരുന്നത്. ഉമറിന്റെ സഹോദരന്മാരായ അലി, അബൂബക്കര്‍ എന്നിവര്‍ ജിദ്ദയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹങ്ങള്‍ ജിദ്ദ കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."