കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടര്‍ റിമാന്‍ഡില്‍
താമരശേരി: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയ താമരശേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ കെ.പി അബ്ദുല്‍ റഷീദിനെ കോടതി റിമാന്‍ഡ് ചെയ്തു. രോഗിയുടെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാളെ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജോസിചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രസവ ചികിത്സക്കെത്തിയ രോഗിയോട് ഓപ്പറേഷന് നടത്തുന്നതിനായി 2000 രൂപയാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിനോഫ്തലിന്‍ പൗഡര്‍ വിതറിയ 2000 രൂപ നോട്ട് വിജിലന്‍സ് പരാതിക്കാര്‍ക്ക് നല്‍കുകയായിരുന്നു. പണം കൊടുത്തതോടെ ഇവര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനുള്ള കുറിപ്പ് ഡോക്ടര്‍ നല്‍കുകയും ചെയ്തു. ഇതിനിടെ പുറത്ത് കാത്തിരുന്ന വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടി.
അറസ്റ്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കി ഇന്നലെ കാലത്ത് 11 മണിയോടെ റിമാന്‍ഡു ചെയ്യുകയായിരുന്നു.
രോഗികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. താമരശേരി ആശുപത്രിക്കു സമീപമുള്ള വീട്ടിലെ ക്ലിനിക്കില്‍ വച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുകയും രോഗികളില്‍ നിന്നും നിര്‍ബന്ധ പൂര്‍വം കൈക്കൂലി വാങ്ങുകയും ചെയ്തതായാണ് പരാതികളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."