നീലേശ്വരം താലൂക്ക് ആശുപത്രിക്ക് വീണ്ടും കായകല്‍പം അവാര്‍ഡ്
നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്കു വീണ്ടും കായകല്‍പം അവാര്‍ഡ്. കഴിഞ്ഞ തവണ പ്രത്യേക പരാമര്‍ശം നേടിയ ഈ ആശുപത്രി ഇത്തവണ താലൂക്ക് ആശുപത്രി വിഭാഗത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തുമെത്തി. ആശുപത്രികളുടെ ശുചിത്വം, അണുബാധ നിയന്ത്രണം, പരിസര ശുചീകരണം, സേവന നിലവാരം, ആശുപത്രി പരിപാലനം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.
ജോലി സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ജീവനക്കാര്‍ എത്തി ശുചീകരണ പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എ.ജമാല്‍ അഹമ്മദ് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ഓഫിസര്‍ ഡോ.വി സുരേശന്‍, ഹെഡ് നഴ്‌സുമാരായ ജാന്‍സി, റീത്താമ്മ അലക്‌സ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡി.കെ ശംഭു, സീനിയര്‍ ക്ലര്‍ക്ക് പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്റെ നേതൃത്വത്തില്‍ കൗണ്‍സലര്‍മാരുടെ പിന്തുണയും ഇവര്‍ക്കു ലഭിച്ചിരുന്നു.
എന്‍.എച്ച്.എമ്മില്‍ നിന്നുള്ള സാമ്പത്തിക സഹായവും വിവിധ സംഘടനകളുടെ സഹായവും ലഭിച്ചു. ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ലിബിയ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ദിനേശ്കുമാര്‍ എന്നിവര്‍ നേരിട്ടെത്തി പുരോഗതിയും വിലയിരുത്തിയിരുന്നു.
നിലവില്‍ 13 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എഴുപതോളം സ്ഥിരം ജീവനക്കാരും പന്ത്രണ്ടോളം താല്‍ക്കാലിക ജീവനക്കാരും ഇവിടെയുണ്ട്. ദിവസേന അറുന്നൂറോളം രോഗികള്‍ ഇവിടെ പരിശോധനയ്‌ക്കെത്തുന്നുണ്ട്. 42 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്.
പി. കരുണാകരന്‍ എം.പിയുടെ ശ്രമഫലമായി രണ്ടു കോടി 17 ലക്ഷം രൂപ ചെലവില്‍ നബാര്‍ഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുകയാണ്.
മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ആസ്തി വികസന നിധിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയുടെ കാഷ്വാലിറ്റി ബ്ലോക്കിനു ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."