പാറക്കോല്‍-മയ്യല്‍ കടവില്‍ തൂക്കുപാലമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കം
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പാറക്കോലിനേയും കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ മയ്യലിനേയും ബന്ധിപ്പിച്ചു തൂക്കുപാലം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കം. സ്വകാര്യ വ്യക്തികളുടെ കടത്തുതോണികള്‍ മാത്രമാണു ഇവരുടെ ആശ്രയം. മഴക്കാലമായാല്‍ തേജസ്വിനി കരകവിഞ്ഞൊഴുകുന്നതോടെ ഈ ആശ്രയവും ഇല്ലാതാകും.
മയ്യലില്‍ നിന്നു ചീമേനി, ചെറുവത്തൂര്‍, പയ്യന്നൂര്‍, നീലേശ്വരം ഭാഗങ്ങളിലേക്കു ബസ് സര്‍വിസുണ്ട്. എന്നാല്‍ പാറക്കോല്‍, പാലട്ടര, കീഴ്മാല, വേളൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ വലിയ കയറ്റം കയറി കിലോമീറ്ററുകള്‍ സഞ്ചരിച്ചു കരിന്തളം, കൊല്ലമ്പാറ, തലയടുക്കം എന്നിവിടങ്ങളിലെത്തിയാണു ബസില്‍ കയറുന്നത്. മുന്‍പ് കാര്യങ്കോടു നിന്നു മുക്കട വഴി ബോട്ട് സര്‍വിസുണ്ടായിരുന്നു.
കാലക്രമേണ അവ ഇല്ലാതായി. പിന്നീട് പലചരക്കുകള്‍ നീലേശ്വരം ചന്തയിലെത്തിക്കാന്‍ ചീനവലകളാണു ഉപയോഗിച്ചിരുന്നത്. പുഴയുടെ ആഴം കൂടിയതും പലസ്ഥലങ്ങളിലും മാടുകള്‍ പ്രത്യക്ഷപ്പെട്ടതും ഈ സൗകര്യവും ഇല്ലാതാക്കി.
മയ്യലിലേക്കും പാറക്കോലിലേക്കും നിലവില്‍ റോഡുകളുണ്ട്. ഇവയെ ബന്ധിപ്പിച്ചു ഇരുചക്ര വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള തൂക്കുപാലം നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. സമീപ പ്രദേശങ്ങളില്‍ ഇതിനകം തന്നെ തൂക്കുപാലത്തിനുള്ള പ്രൊപ്പോസലുകളും എസ്റ്റിമേറ്റും ആയിക്കഴിഞ്ഞു.
മുക്കടയില്‍ നിന്നു പാറക്കോല്‍ വഴി അരയാക്കടവിലേക്കുള്ള തീരദേശ റോഡ് മുക്കാല്‍ ഭാഗവും പൂര്‍ത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്ന ഭാഗം കൂടി പൂര്‍ത്തിയാകുകയും തൂക്കുപാലം യാഥാര്‍ഥ്യമാകുകയും ചെയ്താല്‍ ഈ പ്രദേശങ്ങളിലെ യാത്ര സുഗമമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."