അങ്കണവാടികള്‍ക്കുള്ള ഐ.സി.ഡി.എസ് ഫണ്ട് വെട്ടിക്കുറച്ചു
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന കേരള സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പാവപ്പെട്ട കുട്ടികളുടെ അന്നത്തിലും കേന്ദ്രം കൈവച്ചു. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യില്‍ നിന്നും കേരളത്തിലെ അങ്കണവാടികള്‍ക്കുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. അടുത്ത ഡിസംബര്‍ 30നു ശേഷം പൂര്‍ണമായും നിര്‍ത്തുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് വനിതാശിശു വികസന മന്ത്രാലയം സര്‍ക്കാരിന് കത്തു നല്‍കിയത്. നിലവില്‍ പദ്ധതിയുടെ 60ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. ഇനി വരുന്ന ഡിസംബര്‍ വരെ പദ്ധതിയുടെ 25 ശതമാനം മാത്രമേ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുകയുള്ളൂ. 75 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. ഡിസംബറിന് ശേഷമാകട്ടെ സഹായം ലഭിക്കുകയുമില്ല.
രാജ്യത്ത് മികച്ച രീതിയില്‍ അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ഇവിടുത്തെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങള്‍ പ്രകീര്‍ത്തിക്കുകയം ചില സംസ്ഥാനങ്ങള്‍ ഇതേ പാത പിന്തുടരുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് 33,115 അങ്കണവാടികള്‍ക്കാണ് കേന്ദ്രം സഹായം ചെയ്യുന്നതെങ്കിലും 33,318 അങ്കണവാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഏതാണ്ട് 66,000 പേരാണ് അങ്കണവാടികളില്‍ ജോലി നോക്കുന്നത്. അങ്കണവാടി അധ്യാപികയ്ക്ക് 10,000രൂപയും, സഹായിക്ക് 7,000 രൂപയും ഓണറേറിയം നല്‍കുന്നുണ്ട്. കഴിഞ്ഞ ബഡ്ജറ്റിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. ഇതും സര്‍ക്കാരിന് അധിക ബാധ്യതയാകും.
2017-18 സാമ്പത്തിക വര്‍ഷം 199.60 കോടി രൂപയാണ് പദ്ധതിക്ക് നല്‍കിയത്. ഇതില്‍ കേന്ദ്രം നല്‍കിയത് 119.70 കോടിയും സംസ്ഥാനം വഹിച്ചത് 97.86 കോടിയുമാണ്. നവജാത ശിശു മുതല്‍ 6 വയസു വരെയുള്ള കുട്ടികളുടെ ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുക എന്ന് ഉദ്ദേശ്യത്തോടെയാണ് അങ്കണവാടികള്‍ വഴി പദ്ധതി നടപ്പിലാക്കുന്നത്. സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി 19 പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. നവജാത ശിശു മുതല്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവയാണ് പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ അങ്കണവാടികള്‍ക്കുള്ള സഹായത്തിനായി എന്‍.ജി.ഒകളെ സമീപിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ കുട്ടികള്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ അങ്കണവാടികള്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലാണ്. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലക്കുന്നതോടെ ഇവയുടെ പ്രവര്‍ത്തനം താളം തെറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."