'കിലെ' അന്തര്‍ദേശീയ നിലവാരമുള്ള ലേബര്‍ അക്കാദമിയായി ഉയര്‍ത്തും
തിരുവനന്തപുരം: തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റി(കിലെ)നെ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലേബര്‍ അക്കാദമിയായി ഉയര്‍ത്തുമെന്ന് ചെയര്മാന് വി. ശിവന്‍കുട്ടി.
സംസ്ഥാന സര്‍ക്കാര്‍ കരടു തൊഴില്‍ നയത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിലെ കാംപസ് സ്ഥാപിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥലം കണ്ടെത്താന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു.
കിലെയുടെ 40ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരിയില്‍ തിരുവനന്തപുരത്തും സമാപനം കോഴിക്കോട്ടും നടത്തും. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ പങ്കെടുപ്പിച്ച് സെമിനാര്‍, ശില്പശാല, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
കിലെ നടത്തിവരുന്ന ഗവേഷണങ്ങള്‍ സാങ്കേതികമായി മെച്ചപ്പെടുത്തും. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സൗജന്യ പരിശീലനം സംഘടിപ്പിക്കും. ഓട്ടോ, ടാക്സി സര്‍വിസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനായി തൊഴിലാളികള്‍ക്കു പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കിലെ ഡയറക്ടര്‍ കെ.എസ് ബിജുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."