വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് എസ്.ബി.ഐക്ക് മനംമാറ്റം: മിനിമം ബാലന്‍സ് പരിധി ആയിരത്തില്‍ താഴെയാക്കുന്നു
മലപ്പുറം: സേവിങ്‌സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി ആയിരം രൂപയും അതിനുതാഴെയുമാക്കി നിജപ്പെടുത്താന്‍ എസ്.ബി.ഐ ആലോചന തുടങ്ങി. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ആയിരം രൂപയും സാധാരണ നഗരങ്ങളില്‍ 500 രൂപയും മറ്റിടങ്ങളില്‍ അതിനുതാഴെയുമായി നിജപ്പെടുത്താനാണ് നീക്കം.
നിലവിലിത് മെട്രോ നഗരങ്ങളില്‍ 3000 രൂപയും നഗരങ്ങളില്‍ 2000 രൂപയും മറ്റിടങ്ങളില്‍ 1000 രൂപയുമാണ്. സ്ലാബുകള്‍ രണ്ടാക്കാനും ആലോചനയുണ്ടെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇതിനുപുറമെ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്നത് ഒരു മാസമെന്നത് മൂന്ന് മാസംവരെയാക്കാനും ആലോചനയുണ്ട്.
2017 ജൂണില്‍ മിനിമം ബാലന്‍സ് പരിധി അയ്യായിരമാക്കിയിരുന്നെങ്കിലും കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ആയിരംമുതല്‍ മൂവായിരം രൂപവരെയായി നിജപ്പെടുത്തുകയായിരുന്നു. നിലവില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1,771 കോടി രൂപയാണ് എസ്.ബി.ഐ അക്കൗണ്ട് ഉടമകളില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കിയത്.
എസ്.ബി.ഐക്ക് ഈ കാലയളവില്‍ ലഭിച്ച ലാഭത്തേക്കാള്‍ കൂടിയ തുകയാണ് പിഴയിനത്തില്‍ ലഭിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 1,551 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. എന്നാല്‍ പിഴ 1771 കോടിയായിരുന്നു. 42 കോടി സേവിങ്‌സ് അക്കൗണ്ടുകളാണ് എസ്.ബി.ഐക്ക് ഉള്ളത്.
ഇതില്‍ അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ്‌സ് അക്കൗണ്ടുകളും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളും മാറ്റിനിര്‍ത്തിയാല്‍ 29 കോടി അക്കൗണ്ട് ഉടമകളില്‍ നിന്നാണ് എസ്.ബി.ഐ പിഴ ഈടാക്കിയത്. പൊതുമേഖലാ സ്ഥാപനമായിട്ടും ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നതും സാധാരണ അക്കൗണ്ടുകള്‍ മറ്റുബാങ്കുകളിലേക്ക് മാറ്റുന്നതും മുന്നില്‍കണ്ടാണ് ബാങ്കിന്റെ പുതിയ നീക്കം.
മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കാമെന്നത് ബാങ്കിന്റെ മാത്രം തീരുമാനമാണ്. പിഴയീടാക്കാതിരിക്കാനും ബാങ്കിനാവും. പല സ്വകാര്യ ബാങ്കുകളും മിനിമം ബാലന്‍സില്ലാത്തതിന് പിഴ ഈടാക്കുന്നില്ല.
എസ്.ബി.ഐ നടപടി മനുഷ്യാവകാശ
ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെന്‍ഷനും സ്‌കോളര്‍ഷിപ്പുമായി ലഭിക്കുന്ന തുച്ചമായ തുകയില്‍നിന്ന് ആയിരക്കണക്കിന് രൂപ അപഹരിക്കുന്ന എസ്.ബി.ഐയുടെ നടപടി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ്. നിര്‍ധനരുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ കൈയിട്ട് വാരുന്ന എസ്.ബി.ഐയുടെ നടപടിയെ കുറിച്ച് ജന. മാനേജര്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. പിന്നാക്ക സ്‌കോളര്‍ഷിപ്പായി കേരള സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നാണ് ആലപ്പുഴ എറിവുകാട് സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ ആമിനയുടെ അക്കൗണ്ടില്‍നിന്ന് എസ്.ബി.ഐ ആലപ്പുഴ ശാഖ 1000 രൂപ അപഹരിച്ചത്.
ഒടുവില്‍ ഒരു രൂപ പോലും ആമിനക്ക് പിന്‍വലിക്കാന്‍ ഉണ്ടായിരുന്നില്ല. നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പിന്നാക്ക സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അങ്ങനെ ലഭിക്കുന്ന തുച്ചമായ പണത്തില്‍നിന്ന് ബാങ്കിന്റെ പങ്ക് എടുക്കുന്നത് മനുഷ്യത്വരഹിതമാണ്. കയര്‍ തൊഴിലാളിയായ ഹമീദാ ബീവിക്ക് ക്ഷേമ പെന്‍ഷനായി ലഭിച്ച 3300 രൂപയില്‍ എസ്.ബി.ഐ മിനിമം ബാലന്‍സിന്റെ പേരില്‍ അപഹരിച്ചത് 3000 രൂപയാണ്. ഇവര്‍ക്ക് എടുക്കാനായത് 250 രൂപ മാത്രമാണ്. സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കിയതിന്റെ തിക്തഫലം അനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
ജന്‍ ധന്‍ അക്കൗണ്ടിന്റെ സ്ഥിതിയും വിഭിന്നമല്ല. പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സബ്‌സിഡിയായി ലഭിക്കുന്ന തുകയും മിനിമം ബാലന്‍സിന്റെ പേരില്‍ അപഹരിക്കപ്പെടുന്നതായി പി. മോഹനദാസ് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണ്. ഇരു സംഭവങ്ങളിലും എസ്.ബി.ഐ ആലപ്പുഴ ശാഖാ മാനേജര്‍ വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."