ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു യാത്രയയപ്പു നല്‍കി
വടകര: കാസര്‍കോട് വിദ്യാഭ്യാസ ഉപഡയരക്ടറായി ഉദ്യോഗകയറ്റം ലഭിച്ച വടകര ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ.കെ സുരേഷ് കുമാറിന് വടകരയിലെ പൗരാവലി ജനകീയ യാത്രയയപ്പ് നല്‍കി. ടൗണ്‍ഹാളില്‍ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങിയ വിപുലമായ സദസിനെ സാക്ഷിയാക്കിയായിരുന്നു യാത്രയയപ്പ്.
മികച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍, കഴിവുറ്റ സംഘാടകന്‍, അനുഭവസമ്പന്നനായ പരിശീലകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുരേഷ് കുമാര്‍. 'സേവ് ' എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതി ഏറെ ജനശ്രദ്ധ നേടിയിരുന്നു.
പ്രതിഭകളായ അധ്യാപകരുടെ കൂട്ടായ്മയായ 'ആക്ട്', പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ 'റീഡ്', സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ 'കൈത്താങ്ങ്', ശാരീരിക മാനസിക വ്യായാമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ 'പെറ്റ്‌സ് ', ഗൈഡന്‍സ് പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ 'ഗൈഡ് ' തുടങ്ങിയവ അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ പദ്ധതികളായിരുന്നു.
ഹരിതപൂര്‍വം എന്ന പേരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. കെ ദാസന്‍ എം.എല്‍.എ കൈപുസ്തകം പ്രകാശനം ചെയ്തു.
ഡി.ഇ.ഒ സി.ഐ വല്‍സല സുരേഷ് കുമാറിന് ഉപഹാരം സമ്മാനിച്ചു. പ്രഫ. ശോഭീന്ദ്രന്‍ പരിസ്ഥിതി പ്രഭാഷണം നടത്തി.
വടയക്കണ്ടി നാരായണന്‍, വി.ഗോപാലന്‍,പ്രഫ.കടത്തനാട്‌നാരായണന്‍,വീരാന്‍കുട്ടി,എം.വേണുഗോപാല്‍, കെ.കെ ഉസ്മാന്‍, സന ഷെറിന്‍, പ്രദീപ് ചോമ്പാല, കെ.സജീവന്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, കെ.അനില്‍ കുമാര്‍, പി.കെ പ്രമോദ് കുമാര്‍, അബ്ദുല്ല സല്‍മാന്‍, എം.ജി ബല്‍രാജ്, പി.പി രാജന്‍, ടി.ബാലക്കുറുപ്പ് സംസാരിച്ചു.
ഇ.കെ സുരേഷ് കുമാര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."