വെള്ളമുണ്ട സ്‌കൂള്‍ വജ്രജൂബിലിയുടെ നിറവില്‍
വെള്ളമുണ്ട: ആയിരങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വജ്രജൂബിലി നിറവില്‍. 1958-ല്‍ 18 വിദ്യാര്‍ഥികളുമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാഭ്യാസ സാഹചര്യങ്ങള്‍ തീരെ കുറവായ കാലത്ത് തൊണ്ടര്‍നാട്, വെള്ളമുണ്ട, പടിഞ്ഞാറെത്തറ, എടവക പഞ്ചായത്തുകളിലുള്ളവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്‌കൂള്‍.
അസൗകര്യങ്ങള്‍ക്ക് നടുവില്‍ നിന്ന് നാട്ടുകാരുടേയും അധ്യാപകരുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും കൂട്ടായ പ്രവര്‍ത്തനമാണ് സ്‌കൂളിന്റെ ഇന്നത്തെ പുരോഗതിക്കുള്ള പ്രധാന കാരണം. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ന് സ്‌കൂള്‍.
തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ തന്നെ ജില്ലയില്‍ മോഡല്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ സ്‌കൂളിനെ തിരഞ്ഞെടുത്തത്. 1998-ല്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തിയ വെള്ളമുണ്ട സ്‌കൂളിലാണ് ജില്ലയില്‍ തന്നെ വിഷയങ്ങളുടെ ഏറ്റവുമധികം കോമ്പിനേഷനുള്ളത്.
സ്‌കൂളിന്റെ പരിസര പ്രദേശങ്ങളായ തൊണ്ടര്‍നാട്, തരുവണ, പുളിഞ്ഞാല്‍, കുഞ്ഞോം എന്നിവിടങ്ങളിലെല്ലാം സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും വര്‍ഷങ്ങളായി ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് വെള്ളമുണ്ട സ്‌കൂളിലാണ്.
കഴിഞ്ഞ വര്‍ഷം 98 ശതമാനമായിരുന്നു വിജയം. 24 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. നിലവില്‍ 1235 കുട്ടികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും 820 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും പഠിക്കുന്നുണ്ട്. ഇതില്‍ നാനൂറോളം പേര്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികളാണ്.
സ്‌കൂളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതില്‍ നാട്ടുകാരും അധ്യാകരും പൂര്‍വ്വ വിദ്യാര്‍ഥികളും ഒറ്റക്കെട്ടാണന്നതാണ് സ്‌കൂളിന്റെ വിജയ രഹസ്യം. സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ തുടക്കവും വാര്‍ഷികവും ഈ മാസം 27ന് സ്‌കൂളില്‍ നടക്കും. വിവിധ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 27ന് രാവിലെ പ്രിന്‍സിപ്പല്‍ നിര്‍മലാദേവി പതാക ഉയര്‍ത്തും. 11 മണിക്ക് പ്ലാസ്റ്റിക് വിരുദ്ധ പ്രഖ്യാപനം, മൂന്ന് മണിക്ക്‌ഘോഷയാത്ര, കലാപരിപാടികള്‍, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ നടത്തുന്ന പ്രഭാഷണം, സിനിമാഫെയിം ജയരാജ വാര്യരുടെ വണ്‍മാന്‍ഷോ എന്നിവയും ഉണ്ടാകും. പരിപാടികള്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒ.കെ നിര്‍മലാദേവി, ടി.കെ തങ്കച്ചന്‍, ടി.കെ നാസര്‍, പി ഉസ്മാന്‍, പ്രേമന്‍, നാസര്‍ മാസ്റ്റര്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."