കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷന്‍ ഓഫിസിലേക്ക് 14ന് മാര്‍ച്ച്
കാവുംമന്ദം: പാടേതകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായതും വര്‍ഷങ്ങളായി നവീകരണപ്രവൃത്തികള്‍ നടക്കാത്തതുമായ കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിനോട് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും ആശ്രയിക്കുന്ന ഈ റോഡില്‍ ഭൂരിഭാഗവും തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
പലയിടങ്ങളിലും ഗര്‍ത്തങ്ങളില്‍ കുടുങ്ങി അപകടങ്ങളും പതിവായി. സ്‌കൂള്‍ കുട്ടികളും രോഗികളും വയോജനങ്ങളും നിത്യവും ആശ്രയിക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്നിവയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളും യാത്രയുടെ ദുരിതം പേറുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ബാണാസുര സാഗര്‍ ഡാം, കേരളത്തിലെ ഏറ്റവും വലിയ സ്വിപ്‌ലൈന്‍ അടക്കമുള്ള ആകര്‍ഷണങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച കര്‍ലാട് തടാകവും യാത്രാദുരിതം കാരണം നഷ്ടത്തിലാവുന്നത് ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാവുകയാണ്. സംസ്ഥാനപാത 54ല്‍പെട്ട ഈ റോഡില്‍ കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയും വലിയ കുഴികളാണ്.
കല്‍പ്പറ്റ എന്‍.എം.ഡി.സിക്ക്് സമീപം, ഫാത്തിമ മിഷന്‍ ആശുപത്രിക്ക് സമീപം, വെയര്‍ഹൗസിന് മുന്നില്‍, അപ്പണവയല്‍, വെങ്ങപ്പള്ളി പഞ്ചാബ്, വീട്ടിക്കാമൂല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുഴിയില്‍ കുടുങ്ങി വാഹനങ്ങള്‍ കേടാവുന്നത് പതിവ് കാഴ്ചയാണ്.
ജില്ലയിലെ ഏക മാനസീകാരോഗ്യ കേന്ദ്രമായ ചെന്ദലോട് ലൂയിസ് മൗണ്ട്, മത തീര്‍ഥാടന കേന്ദ്രങ്ങള്‍, ഒരു ഡസനോളം സ്‌കൂളുകള്‍ എന്നിവയെല്ലാം ഈ റോഡിനോട് ചേര്‍ന്നുണ്ട്. പടിഞ്ഞാറത്തറയില്‍ നിന്ന് രോഗികളെ കല്‍പ്പറ്റ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കിലോമീറ്ററുകളോളം ദുരിത യാത്രയാണ് താണ്ടേണ്ടത്. നിരവധി തവണ പരാതികളും പ്രക്ഷോഭങ്ങളും നടന്നിട്ടും യാത്രാദുരിതം അവസാനിക്കാതെ തുടരുന്ന കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും യാത്രക്കാര്‍ ഒന്നിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷന്‍ ഓഫിസിലേക്ക് ഫെബ്രുവരി 14ന് മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചിന്റെ മുന്നോടിയായി മൂന്ന് പഞ്ചായത്തുകളിലും പ്രത്യേക ജനകീയ കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്ത ഡിവിഷന്‍ മെമ്പര്‍ കെ.ബി നസീമ, ബ്ലോക്ക് മെമ്പര്‍മാരായ ഈന്തന്‍ ആലി, ജിന്‍സി സണ്ണി എന്നിവര്‍ രക്ഷാധികാരികളായും എം.എ ജോസഫ് ചെയര്‍മാനും എം മുഹമ്മദ് ബഷീര്‍ ജനറല്‍ കണ്‍വീനറും എ സുരേന്ദ്രന്‍ ട്രഷററുമായായ ജനകീയ ആക്ഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാവുമന്ദത്ത് നടന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.
പഞ്ചാര ഉസ്മാന്‍, പി.കെ അബ്ദുറഹ്്മാന്‍, ടി.സി ദേവസ്യ, പി അബു, പി നാസര്‍, പി.സി മമ്മൂട്ടി, ടി അബൂബക്കര്‍, പി.പി അഷ്‌റഫ്, എം.കെ ദേവദാസന്‍, ജോണി നന്നാട്ട്, കെ.വി ജോസ് സംസാരിച്ചു. എം.എ ജോസഫ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷമീം പാറക്കണ്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."