മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണം; നാവിക അക്കാദമി ഗെയിറ്റിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച്
പയ്യന്നൂര്‍: രാമന്തളിയില്‍ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് ഏഴിമല നാവിക അക്കാദമിയില്‍ നിര്‍മിച്ച മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടണമെന്ന് കര്‍മസമിതി. സമര പരിപാടികള്‍ നടത്തുന്നതിന്റെ ഒന്നാം ഘട്ടമായി നാളെ വൈകുന്നേരം നാലിന് രാമന്തളി സെന്ററില്‍ നിന്നു അക്കാദമി പ്രധാന ഗെയിറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. പ്ലാന്റില്‍ നിന്നു രാത്രികാലങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികളായ നൂറോളം കുടുംബങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്. സമീപത്തെ കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്നാണ് ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്. പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ആര് കുഞ്ഞികൃഷ്ണന്, കെ.പി രാജേന്ദ്രകുമാര്‍, കെ.പി ബാലകൃഷ്ണന്, പി.കെ കുഞ്ഞി നാരായണന്, സുനില്‍ രാമന്തളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."