ജില്ലയ്ക്ക് നഷ്ടമാകുന്നത് മികച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം
കഞ്ചിക്കോട്: ജില്ലയിലെ മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ടെ ബി.ഇ.എം.എല്‍ സ്വകാര്യ വല്‍കരിക്കുന്നതോടെ ജില്ലയുടെ തന്നെ അഭിമാനമായ സ്ഥാപനമാണ് കോര്‍പറേറ്റുകളുടെ കൈയിലെത്തുന്നത്. ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷത്തിനുള്ളില്‍ തന്നെ സ്വകാര്യ മേഖലയിലേക്ക് പോകുന്ന സ്ഥാപനമായി ബി.ഇ.എം.എല്‍ മാറാനൊരുങ്ങുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യന്‍ കരസേനയ്ക്ക് ആവശ്യമായ ടട്രാ ട്രക്‌സ് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ്. കഞ്ചിക്കോട് യൂനിറ്റ് സ്ഥാപിക്കുന്നതിന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് 375 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന് സൗജന്യമായി കൈമാറിയത്. എന്നാല്‍ സ്വകാര്യവല്‍കരിക്കുന്ന തോടെ സംസ്ഥാന സര്‍ക്കാരിന്റെ ഭൂമികൂടി കുത്തകകള്‍ കൈയ്യടക്കാനുള്ള സാഹചര്യവും ഒരുക്കുകയാണ്.
500ഓളം തൊഴിലാളികളുള്ള കഞ്ചിക്കോട്ടെ ബെമല്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരേ തൊഴിലാളികള്‍ സംയുക്തമായി സമരസമിതി രൂപീകരിച്ചു. കേന്ദ്രപൊതുമേഖല സംരക്ഷണ സമിതി എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ പേരിലാണ് രാഷ്ട്രീയഭേദമെന്യേ സമരത്തിനൊരുങ്ങുന്നത്. ബെമലിന് രാജ്യത്താകെ 56,000 കോടിയുടെ ആസ്തിയുണ്ടെന്നിരിക്കെ ഓഹരി വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത് ആയിരം കോടി മാത്രമാണ്. തുച്ഛമായ തുകയ്ക്ക് ഇത്രയും വലിയ സ്വത്ത് സ്വന്തമാക്കാനുള്ള കോര്‍പറേറ്റുകളുടെ നീക്കത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്. റിലയന്‍സ് പോലുള്ള കുത്തക ഭീമന്മാര്‍ പ്രതിരോധ മേഖലയിലേക്ക് കടക്കാന്‍ ബെമലിനെ ഉപയോഗിക്കുമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. സ്വകാര്യവല്‍കരണത്തിന് മുന്നോടിയായി ബെമല്‍ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 50 ആയി നിജപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്.
ബെമല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരേ ഒപ്പ് ശേഖരിച്ച് കേന്ദ്രസര്‍ക്കാരിനുള്ള പ്രതിഷേധം അറിയിക്കാനാണ് തൊഴിലാളികള്‍ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച്ച ഇതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ഉദ്ഘാടനം നടന്നു. സിവില്‍ സ്റ്റേഷനിലും ഒപ്പുശേഖരണത്തിന് വേദിയുണ്ടാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ ഒപ്പ് ശേഖരണം സിവില്‍ സ്റ്റേഷനില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് കോട്ട, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നടന്ന ഒപ്പ് ശേഖരണത്തില്‍ ആയിരങ്ങള്‍ ഒപ്പിട്ടു. 27 വരെയാണ് ഒപ്പ് ശേഖരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."