കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാര്‍ക്ക് നഗരസഭയും ഡി.ടി.പി.സിയും ഒരുമിച്ച് നടത്തും
മലപ്പുറം: കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി സഹകരിച്ചു നടത്തിക്കൊണ്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നികുതിയിനത്തില്‍ നഗരസഭയ്ക്കു കിട്ടാനുള്ള തുകയും കോട്ടക്കുന്നിലെ പാര്‍ക്കിങ് ഫീസിന്റെ നിശ്ചിത ശതമാനം തുകയും ഡി.ടി.പി.സിയോട് ആവശ്യപ്പെടും. പാര്‍ക്കുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയത്. കോട്ടക്കുന്നിനോട് ചേര്‍ന്നുള്ള ആറേക്കര്‍ സ്ഥലം 2008ലാണ് ഡി.ടി.പി.സി നഗരസഭയ്ക്കു പാട്ടത്തിനു നല്‍കിയത്. ഏഴു വര്‍ഷത്തിനായിരുന്നു കരാര്‍. 2015 മാര്‍ച്ചില്‍ ഡി.ടി.പി.സിയുമായുള്ള പാട്ടക്കരാര്‍ കാലാവധി അവസാനിക്കുകയും ചെയ്തു. എന്നാല്‍, മുന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം പാട്ടക്കരാര്‍ പുതുക്കിയിരുന്നില്ല. അതിനിടെ പാര്‍ക്ക് പൊളിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും നടന്നില്ല. തുടര്‍ന്നാണ് പുതിയ തീരുമാനം.
പാര്‍ക്ക് സ്ഥാപിക്കുന്നതിനും മറ്റുമായി നഗരസഭയ്ക്ക് അഞ്ചു കോടിയോളം രൂപ ചെലവായിട്ടുണ്ട്. ഇതില്‍ 2.46 കോടി മാത്രമാണ് തിരിച്ചുകിട്ടിയിട്ടുള്ളത്. നഗരസഭയിലെ പ്രധാന ജലസ്രോതസായ വലിയതോട് സംരക്ഷിക്കുന്നതിനായി പ്രദേശവാസികളുടെ ജനകീയ യോഗം വിളിക്കാനും തീരുമാനിച്ചു. തോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും. തോട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."