ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ വിജയിപ്പിക്കുക; കടമേരി റഹ്മാനിയ്യ ബഹ്‌റൈന്‍ അനുസ്മരണ സംഗമം
മനാമ: കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സമുദായത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും അദ്ദേഹം മുന്നോട്ടു വെച്ച പദ്ധതികളെല്ലാം ഇനി പൂര്‍ത്തിയാക്കേണ്ടത് സാമൂഹിക ബോധമുള്ള വിശ്വാസികളുടെ ബാധ്യതയാണെന്നും ബഹ്‌റൈനില്‍ നടന്ന ബാപ്പു മുസ്ലിയാര്‍ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
കടമേരി റഹ്മാനിയ്യ അറബിക് കോളജ് ബഹ്‌റൈന്‍ കമ്മറ്റി മനാമ സമസ്ത ഓഡിറ്റോറിയത്തിലാണ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചത്.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, ഹജ്ജ് കമ്മറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളജ്, കോട്ടുമല കോപ്ലക്‌സ്, എഞ്ചിനീയറിംഗ് കോളജ്, സുപ്രഭാതം ദിനപത്രം തുടങ്ങി മതഭൗതിക മേഖലകളിലെ നിരവധി സ്ഥാനങ്ങളിലിരുന്ന് ഒരു പുരുഷായുസ്സില്‍ പ്രവര്‍ത്തിക്കാവുന്നതിലും അധികം പ്രവര്‍ത്തനങ്ങള്‍ നടത്തി ബാക്കിയുള്ളവ സമുദായത്തെ ഏല്‍പ്പിച്ചാണ് അദ്ധേഹം കടന്നു പോയതെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ ബഹ്‌റൈന്‍ സന്ദര്‍ശിച്ച ബാപ്പു ഉസ്താദുമായി ബന്ധപ്പെട്ട ഓര്‍മകള്‍ അദ്ധേഹം പങ്കുവെച്ചു. ഉസ്താദിന്റെ വിയോഗത്തിലൂടെ ഉണ്ടായ നഷ്ടത്തിനു അല്ലാഹു നല്ല പകരം നല്‍കട്ടെയെന്ന് അദ്ധേഹം പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന സമൂഹ പ്രാര്‍ത്ഥനാ സദസ്സിനും അദ്ദേഹം നേതൃത്വം നല്‍കി.
ചടങ്ങില്‍ ബാപ്പു മുസ്ലിയാരുടെ ശിഷ്യന്‍ സലീം ഫൈസി പന്തീരിക്കര, ഖാസിം റഹ് മാനി വയനാട്, ഉബൈദുല്ല റഹ് മാനി കൊന്പംകല്ല് എന്നിവര്‍ ഉസ്താദിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. കടമേരി റഹ് മാനിയ്യ ബഹ്‌റൈന്‍ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് ഉസ്മാന്‍ ടിപ്പ്‌ടോപ്പ്, ജന.സെക്രട്ടറി നിസാര്‍ ഒതയോത്ത് കടമേരി, ട്രഷറര്‍ അബ്ദുല്‍ അസീസ് കുറ്റിയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കൂടാതെ കുയ്യാലില്‍ മഹ് മൂദ് ഹാജി, കുന്നോത്ത് അബ്ദുല്ല, ചാലിയാടന്‍ ഇബ്രാഹീം ഹാജി, എ.പി.ഫൈസല്‍ വില്ല്യാപ്പള്ളി, സൂപ്പി ജീലാനി തുടങ്ങിയവരും എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞഹമ്മദ് ഹാജി, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാന്പള്ളി എന്നിവരടങ്ങുന്ന സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും ഉസ്താദുമാരും ഏരിയാ കമ്മറ്റി, ബഹ്‌റൈന്‍ കെ.എം.സിസി പ്രതിനിധികളും സംബന്ധിച്ചു.
മനാമയില്‍ നടന്ന കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ സംഗമം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. സമസ്തറഹ് മാനിയ്യ ഭാരവാഹികള്‍ സമീപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."