പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ സ്‌കീം; കരാറുകാരെ ഒഴിവാക്കിയത് റദ്ദാക്കിയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെ
തൊടുപുഴ: സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്നതില്‍ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ സ്‌കീമിന്റെ പ്രധാന കരാറുകാരെ ഒഴിവാക്കിയ നടപടി (ഫോര്‍ ക്ലോഷ്വര്‍) റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെ. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. എന്നാല്‍ ഊര്‍ജ സെക്രട്ടറി പോള്‍ ആന്റണി ഇറക്കിയ ഉത്തരവില്‍ ഏറെ അവ്യക്തതകള്‍ ഉണ്ടെന്നതിനാല്‍ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടിയായി ഉയര്‍ത്തണമെന്ന ചീഫ് എന്‍ജിനിയര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍സ് സൗത്ത്) പി. സുചിത്രയുടെ ശുപാര്‍ശ സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ല. പഴയ തുകയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിലവിലെ കരാറുകാര്‍ ഒരുക്കവുമല്ല. അതേസമയം എസ്റ്റിമേറ്റ് ഉയര്‍ത്തി നല്‍കുന്നതിലും കെ.എസ്.ഇ.ബി ക്ക് ലാഭം പുതിയ ടെണ്ടര്‍ വിളിക്കുന്നതാണെന്നാണ് പ്രൊജക്ട് മാനേജരുടെ റിപ്പോര്‍ട്ട്.
മുംബൈ ആസ്ഥാനമായുള്ള എസ്.ആര്‍ ഗ്രൂപ്പും ചൈനീസ് കമ്പനിയായ ഡി.ഇ.സി യും ഹൈദരാബാദിലെ സി.പി.പി.എല്‍ കമ്പനിയും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ കരാറുകാര്‍. എന്നാല്‍ ഈ മൂന്നു കമ്പനികളും ഇപ്പോള്‍ മൂന്നു വഴിക്കാണ്. ഉപകരണങ്ങള്‍ അടക്കമുള്ള പ്രധാന സാമഗ്രികളെല്ലാം ഇവര്‍ സൈറ്റില്‍ നിന്നും മാറ്റിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് തന്നെ വീണ്ടും കരാര്‍ നല്‍കിയാല്‍ പദ്ധതി നിലയ്ക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുന്നത് മുന്‍നിര്‍ത്തി 75 ശതമാനവും പൂര്‍ത്തിയായ 60 മെഗാവാട്ടിന്റെ പദ്ധതി ഏതുവിധേനെയും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രധാന കരാറുകാരെ ഒഴിവാക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കിയത്. എന്നാല്‍ എസ്റ്റിമേറ്റ് തുക ഉയര്‍ത്തുന്നതടക്കം നിര്‍ദേശിച്ച് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ.കെ.ബാലന്‍ ചെയര്‍മാനായ മന്ത്രിസഭ ഉപസമിതി വച്ചുതാമസിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. 268.01 കോടി രൂപ എസ്റ്റിമേറ്റിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്. 200 കോടിയിലധികം ഇപ്പോള്‍തന്നെ മുടക്കിക്കഴിഞ്ഞു.
ടണല്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണതടക്കമുള്ള പ്രശ്‌നങ്ങളില്‍ പണികള്‍ മുടങ്ങുകയും വൈദ്യുതി ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി കരാറുകാര്‍ രംഗത്തെത്തുകയും ചെയ്തതോടെ ഇതുവരെ കോടികളുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പദ്ധതി വൈകുന്നതുമൂലം 42 ലക്ഷം രൂപയുടെ പ്രതിദിന നഷ്ടവും വിലയിരുത്തുന്നു. എസ്റ്റിമേറ്റ് തുക ഉയര്‍ത്താതെ നിലവിലുള്ളവരോ പുതിയ കരാറുകാരോ ജോലി ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പണി പുനരാരംഭിച്ചാല്‍ തന്നെ കമ്മിഷന്‍ ചെയ്യാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷം കൂടിയെങ്കിലുമെടുക്കും. കോടികളുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ജലം, മൂന്നാറിലെ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."