ഫോര്‍ട്ട് കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്ക് ശോചനീയാവസ്ഥയില്‍
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ കുട്ടികള്‍ക്കായുള്ള പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്‌കൊച്ചി കുട്ടികളുടെ പാര്‍ക്ക് ശോചനീയാവസ്ഥയില്‍.വേനലവധി അടുത്തെത്താറായിട്ടും പാര്‍ക്ക് നവീകരിക്കാന്‍ നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
രാവിലെയും വൈകുന്നേരങ്ങളിലും നിരവധി കുട്ടികളാണ് ഇവിടെ മാതാപിതാക്കളോടൊപ്പം എത്തുന്നത്.പാര്‍ക്കില്‍ എത്തുന്ന കുട്ടികളെ കാത്തിരിക്കുന്നതാവട്ടെ തകര്‍ന്ന കളിക്കോപ്പുകളും നാല്‍ക്കാലികളുമാണ്.ഇവിടത്തെ മുഴുവന്‍ കളിക്കോപ്പുകളും തകര്‍ന്ന് മോശമായ അവസ്ഥയിലാണ്.അടുത്തിടെ കളിക്കോപ്പുകള്‍ പുതുക്കി പണിതെങ്കിലും ഫലമുണ്ടായില്ല.അറ്റകുറ്റ പണികളിലെ അപാകതകള്‍ മൂലം ഇവയെല്ലാം വീണ്ടും നശിക്കുകയായിരുന്നു.
ആറ് ഊഞ്ഞാലകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ ഉപയോഗയോഗ്യമായുള്ളൂ.ഇതില്‍ തന്നെ കുട്ടികള്‍ ഇരുന്നാല്‍ ഏത് നിമിഷവും പൊട്ടി വീഴാവുന്ന അവസ്ഥയാണ്.മാതാപിതാക്കള്‍ ഭയത്തോടെയാണ് കുട്ടികളെ കളിക്കുവാന്‍ വിടുന്നത്.മഴ പെയ്താല്‍ പാര്‍ക്കില്‍ വെള്ളം കെട്ടി കിടക്കുന്നത് മൂലം നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.നേരത്തേ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പാര്‍ക്ക് നവീകരിച്ചെങ്കിലും നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം ഇതൊന്നും ഫലം കണ്ടില്ല.
ഫോര്‍ട്ട്‌കൊച്ചി,മട്ടാഞ്ചേരി,തോപ്പുംപടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അവധി ദിനങ്ങളില്‍ കുട്ടികളുമൊത്ത് വരുന്നത് ഇവിടെയാണ്.ഇവിടത്തെ തകര്‍ന്ന കളിക്കോപ്പുകളില്‍ തട്ടി കുട്ടികള്‍ക്ക് അപകടമുണ്ടാകുന്നതും പതിവാണ്.പാര്‍ക്കില്‍ എത്തുന്ന കുട്ടികള്‍ക്ക് വിനയായി തെരുവ് നായ്ക്കളും ആട് മാടുകളും വിലസുകയാണ്.ഇതിന് പുറമേ പാര്‍ക്കില്‍ എത്തുന്ന കമിതാക്കളും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.പാര്‍ക്ക് വേനലവധിക്ക് മുമ്പ് അടിയന്തിരമായി നവീകരിച്ച് പുതിയ കളിക്കോപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."