സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് പ്രതിപക്ഷം എതിര്‍ത്തതിനാല്‍: ഉമ്മന്‍ചാണ്ടി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് അന്നത്തെ പ്രതിപക്ഷം എതിര്‍ത്തതുകൊണ്ടുകൂടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് തന്നെയാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തതെന്നും ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.
സി.ബി.ഐ അന്വേഷണം സര്‍ക്കാരിന്റെ അടവാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. അന്ന് കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ആയിരുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ഫലപ്രദമാവില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.സോളാര്‍ കേസ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വേണ്ടവിധം അന്വേഷിച്ചില്ലെന്ന വാദവും ഉമ്മന്‍ചാണ്ടി നിഷേധിച്ചു.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെന്നും ഇതില്‍ രണ്ട് കേസുകള്‍ കോടതിയില്‍ തീര്‍പ്പായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കമ്മിഷനില്‍ കക്ഷി ചേര്‍ന്നിട്ടുള്ള രഘൂത്തമന്റെ അഭിഭാഷകന്‍ രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് ഉമ്മന്‍ചാണ്ടി എസ്.ഐ.ടി രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ചത്.
ഇന്നലെ ബിജു രാധാകൃഷ്ണനുവേണ്ടി അഭിഭാഷക നിഷ.കെ.പീറ്ററും ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം നടത്തി.ബിജു രാധാകൃഷ്ണനെ താന്‍ രണ്ടുതവണ നേരിട്ട് കണ്ടിട്ടുണ്ട്. അത് ഒരേ ദിവസം തന്നെയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യം എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് കണ്ടിരുന്നെങ്കിലും വിശദമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതിനാല്‍ പിന്നീട് ഗസ്റ്റ് ഹൗസില്‍ വച്ച് കാണുകയായിരുന്നു.തന്നെ കാണാന്‍ വന്നപ്പോള്‍ ബിജുവിനൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടെയുണ്ടായിരുന്നു.
സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരനായ ബാബുരാജിന്റെ ഭാര്യ രത്‌നമ്മയുടെ കായംകുളത്തുളള വസ്തുവില്‍ പോക്കുവരവ് നടത്തുന്നതിനുളള അപേക്ഷ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനില്‍ സമ്മതിച്ചു. ഉമ്മന്‍ചാണ്ടിയെ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ ഇന്നും ക്രോസ് വിസ്താരം ചെയ്യും.സരിതയുടെ അഭിഭാഷകനും ഇന്ന് ക്രോസ് വിസ്താരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ഉമ്മന്‍ചാണ്ടിയെ നേരിട്ട് ക്രോസ് വിസ്താരം നടത്തണമെന്ന സരിതയുടെ ആവശ്യം കമ്മിഷന്‍ നിരസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."