ജി.എസ്.ടി പരിധി; ഒന്നരക്കോടിയ്ക്കുള്ളില്‍ വ്യാപാരം നടത്തുന്നവരെ ഒഴിവാക്കണമെന്ന്
കോഴിക്കോട്: ജി.എസ്.ടി ഒഴിവ് പരിധിയില്‍ ഒന്നരക്കോടിവരെ കച്ചവടം ചെയ്യുന്നവരെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വാറ്റില്‍ നിന്നും അറുപത് ലക്ഷം രൂപവരെ കച്ചവടമുള്ളവരെ ഒഴിവാക്കിയതുപോലെ ഇതിലും ഇളവുണ്ടാവണം.
അതോടൊപ്പം ജി.എസ്.ടിയിലെ അവ്യക്തതകള്‍ ദുരീകരിക്കണമെന്നും ജി.എസ്.ടി രജിസ്‌ട്രേഷന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന അഴിമിതികളും ചൂഷണങ്ങളും അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സമിതി നേതാക്കള്‍ കോഴിക്കോട് വ്യാപാര ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ ഫൂട് വെയര്‍ എന്ന സ്ഥാപനം ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ നടക്കുന്ന സമരം ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തതായും നേതാക്കള്‍ അറിയിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കട ഉടമസ്ഥന്‍ കച്ചവടക്കാരനെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. കച്ചവടക്കാരന് സംരക്ഷണം ലഭിക്കുന്ന രീതിയില്‍ വാടക- കുടിയാന്‍ നിയമം സമഗ്ര ഭേദഗതികളോടെ കൊണ്ടുവരണമെന്നും നേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതോടൊപ്പം കെട്ടിടനികുതി നൂറു ശതമാനം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നും പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.
പ്ലാസ്റ്റിക് റീസൈക്ലിങ്ങ് യൂനിറ്റ് സ്ഥാപിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അതിന് തയാറാണ്. കിലോയ്ക്ക് 30 രൂപ നിരക്കില്‍ പ്ലാസ്റ്റിക്ക് തങ്ങള്‍ എടുക്കാന്‍ തയാറാണെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.
ജി.എസ്.ടി വിഷയം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ കടയടപ്പ് സമരം ഉള്‍പ്പെടെയുള്ളവ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്് ടി നസ്‌റുദ്ദീന്‍, ജന. സെക്രട്ടറി ജോബി വി .ചുങ്കത്ത്, കെ പി കുഞ്ഞബ്ദുല്ല, എം. സേതുമാധവന്‍, കൃഷ്ണന്‍നായര്‍, അഹമദ് ശരീഫ്, കെ കെ വാസുദേവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."