പാര്‍ലമെന്റ് സമ്മേളനം ഇന്ന്; ബജറ്റ് നാളെ
ന്യൂഡല്‍ഹി: സവിശേഷതകളേറെയുള്ള ഈ വര്‍ഷത്തെ പൊതുബജറ്റ് നാളെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. നോട്ട് നിരോധനത്തിനും റെയില്‍വേ- പൊതുബജറ്റുകള്‍ ലയിപ്പിച്ചതിനും ശേഷമുള്ള ആദ്യബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. നോട്ട് നിരോധനം തളര്‍ത്തിയ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറയുമെന്ന് ഐ.എം.എഫ് കണക്കുകൂട്ടുന്നു. അതീവ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനപ്രിയപ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ പ്രത്യേകമായി ആകര്‍ഷിപ്പിക്കുന്ന പദ്ധതികള്‍ ഉണ്ടാവരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സുപ്രിംകോടതിയുടെയും കര്‍ശനനിര്‍ദേശമുണ്ട്.
കറന്‍സിരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. ആദായ നികുതി പരിധി കൂട്ടുക, സേവന നികുതി കുറക്കുക, ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ്ജ് കുറക്കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്. നോട്ടുനിരോധനത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തും. ജി.എസ്.ടി നടപ്പാക്കാന്‍ പോകുന്നതിനാല്‍ അതിന് സഹായകരമായ വിധത്തില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടാവുമെന്നാണു കരുതുന്നത്.
റെയില്‍വേക്ക് വേണ്ടി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളും ഉണ്ടാകും. കൂടുതല്‍ വേഗത, മികച്ച സുരക്ഷ എന്നതാണ് ബജറ്റില്‍ റെയില്‍വേയുടെ പ്രധാന നയം. യാത്രാ ഇളവുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നാണ് സൂചന. സുരക്ഷയ്ക്കായി മാത്രം റെയില്‍വേക്ക് 20,000 കോടി വകയിരുത്തിയേക്കും. പുതിയ ട്രെയിനുകള്‍ സംബന്ധിച്ചോ അടിസ്ഥാന സൗകര്യ വികസനത്തിനോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്നാണ് റെയില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വര്‍ധിച്ചു വരുന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് റെയില്‍വേക്ക് വേണ്ടി 1.19 ലക്ഷം കോടി വകയിരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ആദ്യ പടിയായാണ് പൊതു ബജറ്റിനൊപ്പം റെയില്‍ സുരക്ഷയ്ക്കായി 20,000 കോടി പ്രഖ്യാപിക്കുന്നത്.
സാമ്പത്തിക നില ഗുരുതരം: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക നില ഗുരുതരമായ അവസ്ഥയിലാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അഞ്ചു വര്‍ഷം വരെ നീളുന്ന സാമ്പത്തിക തകര്‍ച്ചയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്ന് ഐ.എം.എഫും മറ്റ് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുന്‍ ധനമന്ത്രി പി. ചിദംബരവുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ മറച്ചു പിടിച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ സാമ്പത്തിക സര്‍വെ പുറത്തുവിടുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ചിദംബരം പറഞ്ഞു. രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. ജനങ്ങളുടെ ക്രയശേഷി പതിറ്റാണ്ടുകളുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അഞ്ചു ശതമാനമാണ് ഇപ്പോള്‍. 2008 ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.5 ശതമാനമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."