കേരള ലളിതകലാ അക്കാദമി സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2015-16 വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'മിണ്ടും മുണ്ട്' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണിന് കെ.വി.എം ഉണ്ണിക്കാണ് മുഖ്യപുരസ്‌കാരം. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് ഷാനവാസ് മുടിക്കലും, എസ്. രമാദേവിയും അര്‍ഹരായി.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മുഖ്യപുരസ്‌കാരം. 10,000- രൂപയും പ്രശസ്തി പത്രവും ആണ് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരമായി ലഭിക്കുക. കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി. ഹരികുമാര്‍, അക്കാദമി സെക്രട്ടറി വൈക്കം എം.കെ ഷിബു എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ കരുവമ്പലത്തുകാരനായ കെ.വി.എം ഉണ്ണി മാതൃഭൂമി പത്രത്തിന്റെ നര്‍മഭൂമിയിലെ 'ക്ലിക്ക് ', വാരാന്തപതിപ്പിലെ ജോക് കോം തുടങ്ങിയവയിലും നിരവധി ദിനപത്രങ്ങളിലും കാര്‍ട്ടൂണുകള്‍ വരക്കുന്നു.
ശീര്‍ഷകമില്ലാത്ത കാര്‍ട്ടൂണിനാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷാനവാസ് മുടിക്കലിന് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചത്. ചിത്രകല, സിനിമ, മള്‍ട്ടിമീഡിയ എന്നിവയില്‍ പ്രാവീണ്യം നേടിയ കലാകാരനാണ്. 'പാരീസ് ടെറ്റിസം' ആണ് എസ്. രമാദേവിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കോട്ടയം സ്വദേശിനിയായ രമാദേവി കംപ്യൂട്ടര്‍ ഡിസൈനറും കാരിക്കേച്ചറിസ്റ്റുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."