കുണ്ടറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കൊട്ടിയം: കുണ്ടറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ജലവിഭവ അധികൃതരുടെ അനാസ്ഥയില്‍ പൊതുടാപ്പുകളില്‍ വെള്ളം വിതരണം നിലച്ചതോടെ പ്രദേശവാസികള്‍ ജലത്തിനായി നെട്ടോട്ടം തുടങ്ങി. വരള്‍ച്ച രൂക്ഷമായതോടെ മിക്ക കിണറുകളും വറ്റി.
വാഴകളും മറ്റ് കൃഷികളും വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങി തുടങ്ങി. ഒരുതരത്തിലുള്ള പരിശോധനയും കൂടാതെ ജലവിതരണക്കാര്‍ പെട്ടിഓട്ടോകളിലെത്തിക്കുന്ന ജലം വാങ്ങിയാണ് മിക്കയിടങ്ങളിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന് 250 രൂപമുതല്‍ മുകളിലോട്ടാണ് വില. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ മുഖത്തല, കണ്ണനല്ലൂര്‍, കുണ്ടറ പെരിനാട് പഞ്ചായത്തിലെ വെള്ളിമണ്‍ എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ ജലസംഭരണി പുതുക്കി സ്ഥാപിക്കാന്‍ സഹായമഭ്യര്‍ഥിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് നിവേദനം നല്‍കി. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് അടിയന്തിര നടപടിക്ക് ജലവിഭവ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.കണ്ണനല്ലുരില്‍ മൂന്നുവര്‍ഷമായി നടക്കുന്ന കുടിവെള്ള പ്രോജക്ടിന്റെ പണി അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, കൊറ്റങ്കര പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികള്‍ക്ക് പണം അനുവദിച്ചിട്ടും ജലവിഭവ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പദ്ധതികള്‍ ഇനിയും തുടങ്ങിയിട്ടില്ല. കണ്ണനല്ലൂര്‍ ചേരീക്കോണത്തും, ഇളമ്പള്ളൂരിലും പലതവണ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ മുടങ്ങിക്കിടക്കുന്ന കുണ്ടറ തലച്ചിറ കുടിവെള്ള പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ജലവിഭവ കൊട്ടാരക്കര എക്‌സിക്യുട്ടീവ് എന്‍ജിനീയറെ കഴിഞ്ഞയാഴ്ച ഉപരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."