കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു നാളെ കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് കടപ്പുറത്ത് തുടക്കമാവും. അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ മുന്നൂറില്‍പരം എഴുത്തുകാര്‍ പങ്കെടുക്കും. കേരള ടൂറിസം വകുപ്പിന്റെയും കോഴിക്കോട് കോര്‍പറേഷന്റെയും സഹകരണത്തോടെ ഡി.സി ബുക്‌സാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 4.30ന് എം.ടി വാസുദേവന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ്‌സ് കെ.എല്‍.എഫ് രാവിലെ ഒന്‍പതിന് ആരംഭിക്കും. നാല് വ്യത്യസ്ത വേദികളില്‍ രാവിലെ 9.30മുതല്‍ രാത്രി 9.30വരെ തുടര്‍ച്ചയായി നടക്കുന്ന സാഹിത്യോത്സവത്തില്‍ 120 ഓളം വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കുമെന്ന് ഫെസ്റ്റിവല്‍ ഡയരക്ടര്‍ സച്ചിദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ആരി സിതാസ്, പാകിസ്താന്‍ എഴുത്തുകാരി ഖൈ്വസ്ര ഷഹറാസ്, നോര്‍വീജിയന്‍ എഴുത്തുകാരന്‍ റൂനോ ഇസാക് സെന്‍ തുടങ്ങി പത്തിലേറെ വിദേശ എഴുത്തുകാരും റോമിലാ ഥാപ്പര്‍, രാമചന്ദ്ര ഗുഹ, സുധീര്‍ കക്കര്‍, ശശി തരൂര്‍, ഗോപാല്‍ ഗുരു, ശരണ്‍കുമാര്‍ ലിംബാളെ, ഉര്‍വശി ഭൂട്ടാലിയ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
എം.ടി, ടി. പത്മനാഭന്‍, എന്‍.എസ് മാധവന്‍, എം. മുകുന്ദന്‍, സേതു, സക്കറിയ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍ മുതല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ മലയാളി എഴുത്തുകാരും സംവാദങ്ങളില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് പെസിലിറ്റേറ്റര്‍ രവി ഡിസി, ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹക്കീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."