പരിസ്ഥിതി ദിനത്തില്‍ വയനാടിന് കുടയൊരുക്കാന്‍ മൂന്നുലക്ഷം തൈകള്‍
കല്‍പ്പറ്റ: ഈ വരുന്ന പരിസ്ഥിതി ദിനത്തില്‍ വയനാടിന് കുടയൊരുക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഒരുക്കിയിരിക്കുന്നത് മൂന്നു ലക്ഷം തൈകള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ പ്രഖ്യാപിച്ച ഓര്‍മമരം പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ജൂണ്‍ അഞ്ചിന് മൂന്ന് ലക്ഷം തൈകള്‍ നടുന്നത്.
മെയ് 30 മുതലാണ് വൃക്ഷത്തൈകളുടെ വിതരണം ആരംഭിക്കുക. ജില്ലയില്‍ നിന്നും മരത്തൈകള്‍ക്ക് അപേക്ഷ നല്‍കിയ സ്‌കൂളുകള്‍ സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ പഞ്ചായത്തുകള്‍ എന്നിവക്കാണ് ഇത്തവണ തൈകള്‍ നല്‍കുന്നത്. സ്‌കൂളുകളില്‍ തികച്ചും സൗജന്യമായാണ് തൈകള്‍ എത്തിക്കുക.
മറ്റുള്ളവരില്‍ നിന്നും തുച്ഛമായ തുക ഈടാക്കിയാണ് തൈകള്‍ നല്‍കുക. തൈകള്‍ നല്‍കുന്നതോടൊപ്പം സ്ഥാപനങ്ങളുമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം ധാരണാപത്രവും ഒപ്പുവെക്കും.
പാതയോരത്ത് വെക്കുന്ന മരങ്ങളുടെ സംരക്ഷണ ചുമതല സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിനായിരിക്കും. മറ്റിടങ്ങളിലെ തൈകള്‍ അവര്‍ തന്നെ സംരക്ഷിക്കേണ്ടതാണ്.
കഴിഞ്ഞ വര്‍ഷം 4.5 ലക്ഷം തൈകള്‍ വിതരണം ചെയ്തിരുന്നെങ്കിലും ഇത്തവണ ഇതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വനവല്‍ക്കരണ വിഭാഗത്തിന്റെ കല്‍പ്പറ്റയിലെ ചുഴലി, മാനന്തവാടിയിലെ ബേഗൂര്‍, ബത്തേരിയിലെ കുന്താണി എന്നിവിടങ്ങളിലെ നഴ്‌സറികളിലാണ് തൈകള്‍ സജ്ജമായിട്ടുള്ളത്.
മൂന്നിടങ്ങളിലായി 26047 മുള, 1050 ചമത, 14769 കണിക്കൊന്ന, 4512 കരിങ്കാലി, 5188 കറിവേപ്പ്, 1072 കൂവളം, 5632 കുടംപുളി, 2328 കുളമാവ്, 7901 കുമിഴ്, 6692 ലക്ഷ്മിതരു, 77361 മഹാഗണി, 19290 മന്ദാരം, 15333 മണിമരുത്, 4116 നീര്‍മരുത്, 16688 നെല്ലി, 5065 ഞാവല്‍, 2589 പതിമുഖം, 5736 പേര, 848 പൂവരശു, 11583 പുലി, 20497 സീതപ്പഴം, 5890 താന്നി, 10704 ഉങ്കു, 7100 ആര്യാവേപ്പ്, 14943 കുന്നിവാക, 3419 ഉറുമാമ്പഴം, 1136 വേങ്ങ, 2511 ഗുല്‍മോഹര്‍ എന്നിങ്ങനെ മൂന്നുലക്ഷം മരത്തൈകളാണ് ഇത്തവണ പരിസ്ഥിതി ദിനത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടുക. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന രീതിയിലേക്ക് ജില്ലയെ മാറ്റിയെടുക്കുന്നതിന് വനവല്‍ക്കരണവും ജൈവ പച്ചക്കറി കൃഷിവ്യാപനവും നടത്തേണ്ടത് അത്യാവശ്യമാണെന്നും പുഴകളും തോടുകളും സംരക്ഷിക്കുന്നതിന് നദീതീര സംരക്ഷണം വേണമെന്നും അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കിയത്. 307 റോഡുകളില്‍ 875 കി.മീറ്ററിലാണ് മരങ്ങള്‍ നടുക. ഫോറസ്റ്റ് ഏരിയകളിലെ മുളക്കൂട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയവ വെച്ചുപിടിപ്പിക്കുന്നതിനും ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പ്രാധാന്യം നല്‍കി മാവ്, പേര, നെല്ലി, സീതാപ്പഴം, ലിച്ചി, റംബുട്ടാന്‍ തുടങ്ങിയ ഫലവൃക്ഷത്തൈകളും നട്ട് പിടിപ്പിക്കും.
തൊഴിലുറപ്പ്, സോഷ്യല്‍ ഫോറസ്ട്രി, ഡി.റ്റി.പി.സി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തിയാണ് പരിസ്ഥിതിദിന പരിപാടികള്‍ നടപ്പാക്കുക. കാരാപ്പുഴ, ബാണാസുരസാഗര്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി ഭൂ പ്രദേശത്തിനനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തുകളില്‍ വനവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും പദ്ധതി നടപ്പിലാക്കുക.
എല്ലാ പരിസ്ഥിതി ദിനത്തിലും വെച്ചുപിടിപ്പിക്കാന്‍ വിതരണം ചെയ്യുന്ന തൈകള്‍ എത്രയെണ്ണം ശരിയാം വിതത്തില്‍ വെച്ചുപിടിപ്പിച്ചെന്നോ സംരക്ഷിച്ചെന്നോ പരിശോധിക്കാന്‍ വനം വകുപ്പിന് സംവിധാനമില്ലാത്തത് ഒരു പരിധിവരെ ഇത്തരംപദ്ധതികള്‍ക്ക് വിലങ്ങുതടിയാവുന്നുണ്ട്. ഇത് സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."