സര്‍ക്കാറിന്റെ അനുമതിയും കാത്ത് ചമ്രവട്ടം ജംഗ്ഷനിലെയും എടപ്പാളിലെയും ഫ്‌ളൈ ഓവര്‍
പൊന്നാനി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലും എടപ്പാള്‍ ടൗണിലും സ്ഥാപിക്കുന്ന ഫ്‌ളൈ ഓവറിന് സര്‍ക്കാറിന്റെ അനുമതി കാത്തു കിടക്കുന്നു. ചമ്രവട്ടം ജംഗ്ഷനിലെ ഫ്‌ളൈ ഓവറിന്റെ റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞു. നാറ്റ്പാക്ക് തയാറാക്കിയ ഫ്‌ളൈ ഓവറിന്റെ രൂപരേഖയും റിപ്പോര്‍ട്ടും അടുത്തയാഴ്ച ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും സമര്‍പ്പിക്കും.
പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കുമെന്നാണ് പ്രതിക്ഷയെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പുതുപൊന്നാനി കുറ്റിപ്പുറം ദേശീയപാത സജ്ജമായതോടെ ചമ്രവട്ടം ജംഗ്ഷനില്‍ ഉണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഫ്‌ളൈ ഓവര്‍ നിര്‍ദേശിക്കപ്പെട്ടത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നിര്‍ദേശ പ്രകാരം നാറ്റ്പാക്ക് നടത്തിയ പഠനത്തിലാണ് അഞ്ചിന നിര്‍ദേശങ്ങളിലൊന്നായി ഫ്‌ളൈ ഓവര്‍ പരിഗണിച്ചത്. രണ്ടു മാസം മുന്‍പ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫ്‌ളൈ ഓവര്‍ പണിയുന്ന നിര്‍ദേശം പരിഗണിക്കുകയായിരുന്നു.
ചമ്രവട്ടം ജംഗ്ഷനില്‍ റൗണ്ട് എബൗട്ട്, ലിങ്ക് റോഡോടുകൂടിയ ഹൈവേ എന്നിവയായിരുന്നു മറ്റു നാലുനിര്‍ദേശങ്ങള്‍. ഇവ ചമ്രവട്ടം ജംഗ്ഷന്റെ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലാത്തതിനാലാണ് ഫ്‌ളൈഓവറിന് യോഗം അനുമതി നല്‍കിയത്.
നാലുവരി പാതയോടു കൂടിയ ഫ്‌ളൈ ഓവറാണ് റിപ്പോര്‍ട്ടില്‍ തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടുവരി പാതയായി നിര്‍മിക്കും. കുടിയൊഴിപ്പിക്കലും സ്ഥലം ഏറ്റെടുക്കലുമില്ലാതെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ധേശിക്കുന്നത്. ഇതിനായി 25 കോടി രൂപ കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. കഴിഞ്ഞ തവണ കെ.ടി ജലീല്‍ എം.എല്‍.എ ആയപ്പോഴാണ് പദ്ധതി തുടങ്ങിയത്. ഇത്തവണ അദ്ദേഹം മന്ത്രിയായതോടെ തന്റെ സ്വപ്ന പദ്ധതിയായ എടപ്പാളിലെ മേല്‍പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."