ഗസ്സയില്‍ ഹമാസിനെതിരേ ഐ.എസിന്റെ യുദ്ധപ്രഖ്യാപനം
ഗസ്സ: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഭീകരപ്രസ്ഥാനമായ ഐ.എസ് നേതാവിന്റെ വിഡിയോ. ഈജിപ്തിലെ സീനായില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസിന്റെ പ്രാദേശിക ഘടകം ഹമാസുമായി തുടരുന്ന സംഘട്ടനം ഇതോടെ കൂടുതല്‍ രൂക്ഷമായി. ഗസ്സയ്ക്കടുത്തുള്ള അതിര്‍ത്തി പ്രദേശത്ത് ഇരുസംഘവും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണു പുതിയ ദിശയിലേക്കു നീങ്ങിയത്.
ഐ.എസ് നേതാവ് എന്ന പേരില്‍ പരിചയപ്പെടുത്തുന്നയാള്‍ പുറത്തുവിട്ട 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഹമാസ് പ്രവര്‍ത്തകരെ ആക്രമിക്കാനും സംഘടനാ നേതാവിനെ കൊലപ്പെടുത്താനും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നുണ്ട്. ഇസ്‌റാഈലുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി തുടരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കൊപ്പം ഐ.എസ് കൂടി ഇടപെട്ടതോടെ ഗസ്സ കൂടുതല്‍ അസ്ഥിരമായേക്കും.
'ഒരിക്കലും അവര്‍ക്കു മുന്‍പില്‍ കീഴടങ്ങരുത്. സ്‌ഫോടകവസ്തുക്കളും തോക്കുകളും ബോംബുകളും ഉപയോഗിക്കുക. അവരുടെ കോടതികളെയും സുരക്ഷാകേന്ദ്രങ്ങളെയും ബോംബെറിഞ്ഞു തകര്‍ക്കുക.'- വിഡിയോയില്‍ കത്തി പിടിച്ചുകൊണ്ടുള്ള ഒരാള്‍ ആഹ്വാനം ചെയ്യുന്നു.
ഒരുവര്‍ഷത്തിലേറെയായി ഐ.എസും ഹമാസും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഐ.എസ് ഭീകരര്‍ക്കെതിരേ ശക്തമായ നടപടിയാണ് ഹമാസ് സുരക്ഷാസേന സ്വീകരിച്ചുവരുന്നത്. അടുത്തിടെ ഈജിപ്തുമായും വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുമായും ഹമാസ് സഖ്യത്തിലേര്‍പ്പെട്ടതും ഐ.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."