സഊദിയില്‍ വിപണിക്കനുസരിച്ച് പെട്രോള്‍ വില കുറച്ചേക്കും
റിയാദ്: സഊദിയില്‍ പെട്രോള്‍ വില വര്‍ധനവ് ഇനി ഉണ്ടാകില്ലെന്നും വിപണി നിലവാരമനുസരിച്ച് സാധ്യമാണെങ്കില്‍ എണ്ണ വില കുറക്കാന്‍ സാധ്യതയുണ്ടെന്നും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍.
ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പെട്രോള്‍ വിലയിലെ വര്‍ധനവ് പ്രാബല്യത്തില്‍ വന്നിരുന്നു. ഈയവസരത്തിലാണ് ഈ വര്‍ഷം ഇനിയും പെട്രോള്‍ വില വര്‍ധനവ് ഉണ്ടാകില്ലെന്നും പ്രാവര്ത്തികമാവുകയാണെങ്കില് രാജ്യത്തെ എണ്ണ വില കുറക്കാന്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞത്.
നിലവില്‍ ലോകരാഷ്ട്രങ്ങളില്‍ കുറഞ്ഞ വിലക്ക് പെട്രോള്‍ നല്കുന്ന രാജ്യങ്ങളില്‍ മുന്നിലുള്ള ഒരു രാജ്യമാണ് സഊദി. പട്ടികയില്‍ 14 സ്ഥാനമാണ് സഊദിക്കുള്ളത്.
ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോളിന് അന്താരാഷ്ട്ര വിപണിയിലുള്ളതിന്റെ 70 ശതമാനം വിലക്കാണ് സഊദിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 91 ഇനം പെട്രോളിന്റെ 30 ശതമാനം സബ്സിഡി ഇപ്പോഴും സര്‍ക്കാര്‍ വഹിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. സഊദിയില്‍ 80 ശതമാനവും ഉപയോഗിക്കുന്നത് 91 ഇനത്തിലുള്ള വില കുറഞ്ഞ പെട്രോളാണെന്നും പ്രാദേശിക വിപണി നിലവാരമനുസരിച്ച് സാധ്യമാണെങ്കില്‍ വില കുറക്കാന്‍ സാധ്യതയുണ്ടെന്നും ധനകാര്യ മന്ത്രി സൂചിപ്പിച്ചു.
അതേസമയം, വ്യാവസായിക ആവശ്യത്തിനുള്ള ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടില്ല. ഉല്പന്നങ്ങള്ക്ക് വില കൂടാതിരിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചുമാണ് ഡീസല്‍ വില വര്‍ധിപ്പിക്കാതിരുന്നതെന്ന് സഊദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."