തന്നെ മോചിപ്പിച്ച നേതാവിന്റെ വിയോഗമറിഞ്ഞ് നവാസ് വിതുമ്പുന്നു
ചാവക്കാട്: ഇറാഖില്‍ നുഴഞ്ഞ് കയറ്റക്കാരനായി പിടിക്കപ്പെട്ട നവാസ് തന്നെ മോചിപ്പിച്ച നേതാവിന്റെ വിയോഗമറിഞ്ഞ് വിതുമ്പുകയാണ്. ഇ.അഹമ്മദ് കേന്ദ്രത്തില്‍ വിദേശകാര്യ മന്ത്രിയായ ഒന്നാം യു.പി.എ സര്‍ക്കാര്‍ കാലത്താണ് ചാവക്കാട് വലിയകത്ത് കൈതക്കല്‍ നവാസ് (53) ഇറാഖിലെ തടവറയിലെത്തിയത്.
അവിടെന്ന് തന്നെ മോചനത്തിനായി പ്രവര്‍ത്തിച്ച അഹമ്മദിനെക്കുറിച്ച് നന്ദിയോടെ ഓര്‍ക്കുകയാണ് നവാസും കുടുംബവും. ആദ്യം അജ്ഞാത കേന്ദ്രത്തിലും പിന്നീട് ഇറാഖി തടവറയിലുമായി ദിവസങ്ങള്‍ തള്ളിനീക്കിയ നവാസ് ആ കാലം ഓര്‍ക്കുന്നു. കുവൈത്തിലെ ട്രക്ക് ഡ്രൈവറായിരുന്നു നവാസ്.
സ്‌പോണ്‍സറുടെ ട്രക്ക് അമേരിക്കന്‍ മിലിറ്ററി കരാറടിസ്ഥാനത്തിലെടുത്തപ്പോഴും നവാസായിരുന്നു ഡ്രൈവര്‍. ഇറാഖിലെ വിവിധ ആശുപത്രികളില്‍ എക്‌സ് റേ ഉള്‍പടെ വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടയിനറിലാക്കി എത്തിക്കലായിരുന്നു ദൗത്യം.
മൊത്തം 34 ട്രക്കുകളിലേക്ക് ലോഡ് കയറ്റിയെങ്കിലും അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍നിന്ന് ആദ്യ അനുമതി ലഭിച്ചത് നവാസിനായിരുന്നു. മുമ്പും ഇത്തരം യാത്ര ചെയ്തിട്ടുണ്ടെങ്കിലും പതിവിനു വിപരീതമായി ഇത്തവണ ട്രക്കിന് സെക്യൂരിറ്റിയായി മിലിറ്ററി വാഹനങ്ങളുണ്ടായിരുന്നില്ല.
ഒരു വാഹനം മാത്രമായിരുന്നതിനാലാണ് പൈലറ്റ് വാഹനമില്ലാതിരുന്നത്. ഏറെ ദൂരമോടിയ ശേഷം ഒരു കാറിലെത്തിയ പാതി മുഖം മറച്ച ഇറാഖി ചെറുപ്പക്കാരുടെ സംഘമാണ് ട്രക്കില്‍ നിന്ന് പുറത്തിറക്കിയത്. പുറത്തിറങ്ങിയതും കണ്ണുകളുള്‍പ്പടെ മൂടിക്കെട്ടിയാണ് അജ്ഞാത കേന്ദ്രത്തിലെത്തിച്ചത്. മോചനം വേണമെങ്കില്‍ പണം വേണം. അതായിരുന്നു ആവശ്യം.
15 ദിവസമാണ് ശരിയായി ആഹാരം പോലുമില്ലാതെ ആ കേന്ദ്രത്തില്‍ കഴിഞ്ഞത്. ട്രക്കും സാധനങ്ങളും മാത്രമല്ല പാസ് പോര്‍ട്ടും മറ്റു രേഖകളും നവാസിന് നഷ്ടമായത് പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലുമെത്തിച്ചു. കൊടിയ മര്‍ദനമായിരുന്നു ആ കേന്ദ്രത്തില്‍ നേരിടേണ്ടി വന്നത്.
ഒടുക്കം അമേരിക്കന്‍ പട്ടാളക്കാരുടെ കടന്നു കയറ്റത്തിലാണ് അവിടെന്ന് രക്ഷയായത്. പട്ടാളക്കാര്‍ ഇറാഖ് കോടതിയിലെത്തിച്ചത് രേഖകളൊന്നുമില്ലാത്ത അനധികൃത കുടിയേറ്റക്കാരനായിട്ടായിരുന്നു. അത് മുഖവിലക്കെടുത്ത കോടതി ഏഴു ദിവത്തെ തടവ് ശിക്ഷക്കും വിധിച്ചു.
അങ്ങനെയാണ് നവാസിന്റെ കഥ പുറം ലോകം അറിയുന്നത്. നാട്ടില്‍ ഈ സംഭവമറിഞ്ഞ നവാസിന്റെ ബന്ധുക്കള്‍ മുസ്‌ലിംലീഗ് നേതാവ് സി.എച്ച് റഷീദ്, മാധ്യമ പ്രവര്‍ത്തകന്‍ വലിയകത്ത് റാഫി എന്നിവരെ സമീപിച്ചു. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ഇ. അഹമ്മദുമായി ബന്ധപ്പെട്ടതോടെയാണ് നവാസിന് മോചനത്തിനുള്ള വഴിയൊരുങ്ങിയത്.
നവാസിന്റെ സ്‌പോണ്‍സറും സമയോചിതമായി ഇടപെട്ടിരുന്നു. മന്ത്രി അഹമ്മദിന്റെ ഇടപെടലില്‍ നവാസിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്ഥാനപതിയും ഇറാഖിലെത്തിയിരുന്നു.
തടവ് ശിക്ഷ കഴിഞ്ഞ കുവൈത്തിലേക്ക് നാടുകടത്തിയ നവാസിന് ഇന്ത്യന്‍ എമ്പസി തന്നെ പാസ് പോര്‍ട്ട് ശരിപ്പെടുത്തി നല്‍കുകയായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് അഹമ്മദിന്റെ ഇടപെടലിനെക്കുറിച്ച് അറിയുന്നത്.
ഇപ്പോള്‍ ഖത്തറിലാണ് നവാസ് ജോലി ചെയ്യുന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. രണ്ട് പേര്‍ വിദേശത്താണ്. ഇളയവന്‍ ബരുദ പഠനം പൂര്‍ത്തിയാക്കി. അവധിക്ക് നാട്ടിലെത്തിയ നവാസ് അടുത്ത ദിവസം തിരിച്ചുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."